ആവിക്കൽ സമരസമിതി ചൊവ്വാഴ്ച രാത്രി നടത്തിയ പ്രതിഷേധ യോഗം

മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം; ആവിക്കൽതോട് സമരം ശക്തമാക്കാൻ സമിതി

കോഴിക്കോട്: ആവിക്കൽതോട്ടിൽ മലിനജല സംസ്കരണ പ്ലാന്‍റ് പണിയുന്നതിനെതിരെയുള്ള സമരം ശക്തമാക്കാൻ ജനകീയ സമരസമിതി തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമിതി പ്രവർത്തകർ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയമവതരിപ്പിക്കാൻ യു.ഡി.എഫ് ശ്രമിച്ചെങ്കിലും അവതരണാനുമതി ലഭിക്കാത്ത പാശ്ചാത്തലത്തിലാണിത്.

പ്ലാന്‍റ് പണി നിർത്തി മറ്റൊരിടത്തേക്ക് മാറ്റുംവരെ സമരം തുടരുമെന്ന് സമരസമിതി ചെയർമാൻ ടി. ദാവൂദ്, കൺവീനർ ഇർഫാൻ ഹബീബ് എന്നിവർ അറിയിച്ചു. ആവിക്കൽതോട് സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയിൽ പ്രസ്താവിച്ചെങ്കിലും പ്രവർത്തകർ രോഷാകുലരാണ്.

ആവിക്കൽ ഭാഗത്തെ ജനങ്ങളുടെ പ്രശ്നങ്ങളും കഴിഞ്ഞദിവസം നടന്ന ലാത്തിച്ചാർജും കേസുകളും ജനങ്ങൾക്കുണ്ടാക്കിയ പ്രയാസവും പ്രതിപക്ഷ നേതാവിനെ എം.കെ. മുനീർ എം.എൽ.എ ബോധ്യപ്പെടുത്തിയതിന്‍റെ ഭാഗമായായിരുന്നു പ്രമേയാവതരണശ്രമം. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സമരസമിതി പ്രകടനം നടത്തി.

സമരത്തിനുപിറകിൽ തീവ്രവാദികളാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയിൽ പറഞ്ഞത് നിർഭാഗ്യകരമാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. തീവ്രവാദികളുടെ സമരമാണെന്നത് ഒരിക്കലും ശരിയല്ല. മന്ത്രി കാര്യങ്ങൾ പഠിക്കാൻ തയാറാവണം. എസ്.ടി.പിക്ക് യു.ഡി.എഫ് എതിരല്ല. ജനവാസ മേഖലയിൽ സ്ഥാപിക്കുന്നതിലാണ് എതിർപ്പ്. വിഷയത്തിൽ സംസ്ഥാന സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പ്ലാന്‍റ് മറ്റൊരിടത്തേക്ക് മാറ്റണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സർക്കാർ ഏകപക്ഷീയ തീരുമാനങ്ങളെടുക്കരുതെന്നും എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യു.ഡി.എഫിന്‍റെ കള്ളക്കളി ജനം തിരിച്ചറിയും -സി.പി.എം

കോഴിക്കോട്: വെള്ളയിൽ ആവിക്കൽതോട് ഭാഗത്ത് ശുചിമുറി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്ന പ്രശ്നത്തിൽ യു.ഡി.എഫ് നടത്തുന്ന കള്ളക്കളിയും ഇരട്ടത്താപ്പും ജനം തിരിച്ചറിയുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ കാലത്ത് ഏകകണ്ഠമായാണ് ആവിക്കൽതോട്, കോതി എന്നിവിടങ്ങളിൽ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്ഥലം നിർണയിക്കുന്നതിലും ഏകാഭിപ്രായമായിരുന്നു.

പദ്ധതി മൂലം ഒരുവിധ മാലിന്യപ്രശ്നവും ഉണ്ടാകില്ലെന്ന് കോർപറേഷൻ ഉറപ്പാക്കിയിട്ടുണ്ടെന്ന് എല്ലാവരും അംഗീകരിച്ചതാണ്. നാട്ടുകാരുടെ ഭാഗത്തുനിന്ന് ചില ആശങ്കകൾ ഉയർന്നപ്പോൾ അതു ദൂരീകരിക്കാനും കൗൺസിൽ ശ്രമിച്ചു.

മേയർ പലവട്ടം ചർച്ച നടത്തി. തിരുവനന്തപുരത്ത് മാതൃകാപരമായി നടപ്പാക്കിയ പദ്ധതി കാണുന്നതിന് കൗൺസിൽ പ്രതിനിധികൾക്ക് അവസരമൊരുക്കി. മലിനീകരണ പ്രശ്നം ഉണ്ടാവില്ലെന്ന് എല്ലാവർക്കും ബോധ്യമായി. അതിനുശേഷം കോഴിക്കോട്ടെ എം.പിമാരുടെയും എം.എൽ.എ മാരുടെയും രാഷ്ട്രീയ കക്ഷികളുടെ ജില്ല നേതാക്കളുടെയും യോഗം മേയർ വിളിച്ചിരുന്നു. യു.ഡി.എഫ് സമരത്തിലില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി അക്രമ സമരം ആളിക്കത്തിക്കാൻ ശ്രമിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

നിയമസഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ച എം.കെ. മുനീർ തന്നെ സമരം ഒഴിവാക്കാൻ ഒരുഘട്ടത്തിൽ ഇടപെട്ടിരുന്നു. എം.പിയും ഇതേ രീതിയിൽ മലക്കം മറിഞ്ഞിരിക്കുകയാണ്. പദ്ധതിയുടെ പ്രവൃത്തി നടക്കാത്ത ദിവസമാണ് ആവിക്കൽതോട്ടിൽ പൊലീസിനെതിരെ ആക്രമണമുണ്ടായത്. ഇതിന് പിന്നിൽ പ്രദേശത്തെ യു.ഡി.എഫുകാരും എസ്.ഡി.പി.ഐക്കാരുമാണ്.

എസ്.ഡി.പി.ഐയുമായി കൈകോർത്ത് നഗരത്തിലെ വികസന പദ്ധതികൾ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വികസന വിരുദ്ധ സമീപനവും കള്ളക്കളിയും ജനങ്ങൾ തിരിച്ചറിയുമെന്ന് പാർട്ടി സെക്രട്ടേറിയറ്റ് പറഞ്ഞു.

സി.പി.എമ്മിന് തമ്മിലടിപ്പിക്കൽ നയം –വെൽഫെയർ പാർട്ടി

കോഴിക്കോട്: ആവിക്കൽതോട് മലിനജല പ്ലാന്റിനെതിരെ ഉയർന്ന ജനകീയ സമരത്തെ തീവ്രവാദ പട്ടം ചാർത്താനുള്ള സി.പി.എമ്മിന്‍റെ ശ്രമം ജനകീയ സമരങ്ങളോടുള്ള സൃഗാല നയമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി. ദുരന്ത നാളുകളിൽ മാലാഖമാരായി വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികൾ ജീവിക്കാനുള്ള സമരത്തിന് വേണ്ടി സമരം ചെയ്തപ്പോൾ അവരെയും തീവ്രവാദികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ കനത്ത വില നൽകേണ്ടി വരും.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ജാതി മത ഭേദമന്യേ തിങ്ങിത്താമസിക്കുന്ന ആവിക്കൽ പ്രദേശത്ത് മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നത് അവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. തീവ്രവാദമെന്ന സ്ഥിരം പല്ലവി ജനം പുച്ഛിച്ച് തള്ളും. ജനവാസം കുറഞ്ഞ മറ്റെവിടേക്കെങ്കിലും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - To strengthen the strike in avikkal thodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.