കോഴിക്കോട്: ഒഡിഷയിൽ നിന്നു കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡിഷ സ്വദേശിയായ മാനസ് (25), മഹാരാഷ്ട്ര സ്വദേശികളായ രാകേഷ് (32), സന്ദേശ് (30) എന്നിവരാണ് വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റ് പരിസരത്തുനിന്നു പിടിയിലായത്. മാനസിനെ മുമ്പ് കഞ്ചാവ് കൈവശം വെച്ചതിന് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വിൽപന ആരംഭിക്കുകയായിരുന്നു.
മാസം തോറും രണ്ടു തവണ ഇവർ ഒഡിഷയിൽ നിന്നും കഞ്ചാവ് കോഴിക്കോട്ടെത്തിച്ചു വിൽപന നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ടൗൺ അസി. കമീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ടൗൺ പൊലീസും ആന്റി നാർക്കോട്ടിക് ഷാഡോസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ടൗൺ പൊലീസ് സ്റ്റേഷൻ എസ്.ഐ സുലൈമാൻ, എ.എസ്.ഐ മുഹമ്മദ് സബീർ, സീനിയർ സി.പി.ഒമാരായ ജിതേന്ദ്രൻ, ദിലേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.