കേളോത്ത് ആയിഷയുടെ വീടിന്റെ മുറ്റത്ത് പാകിയ കല്ല് മിന്നലിൽ തകർന്ന നിലയിൽ
പേരാമ്പ്ര: ചാലിക്കര പുളിയോട്ടുമുക്കില്‍ വാളൂര്‍ പാറക്ക് സമീപം മിന്നലിൽ മൂന്നു വീടുകൾക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയുണ്ടായ വന്‍ മിന്നലിലാണ് വീടുകളില്‍ നാശനഷ്ടമുണ്ടായത്. കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തന്‍, കേളോത്ത് ഫൗസിയ എന്നിവരുടെ വീടുകളിലാണ് മിന്നല്‍ നാശം വിതച്ചത്.
കേളോത്ത് ആയിഷയുടെ വീട്ടിലാണ് കൂടുതല്‍ നാശം. ഇവിടെ വയറിങ് പൂര്‍ണമായും തകര്‍ന്നു. മെയിന്‍ സ്വിച്ചും മീറ്ററും തെറിച്ചു വീണു. വീടിന്റെ മുറ്റത്ത് പാകിയ ഇന്റര്‍ലോക്ക് കട്ടകള്‍ മിന്നലില്‍ ചിതറി. ചുമര് പൊട്ടിക്കീറുകയും ടൈലുകള്‍ ഭിത്തിയില്‍നിന്ന് ഇളകി ദൂരെ തെറിച്ചുവീഴുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശവും സ്ഥാപിച്ച ലൈറ്റുകള്‍ പിഴുതുമാറ്റപ്പെട്ട നിലയിലാണ്. വൈദ്യുതി ഉപകരണങ്ങളും നശിച്ചു.
തെങ്ങും വാഴകളും ഇടിവെട്ടി നശിച്ച നിലയിലും പറമ്പ് ഉഴുതുമറിച്ചിട്ട നിലയിലുമാണ്. ഈ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ കേളോത്ത് കുഞ്ഞിക്കലന്തന്റെ വീട്ടിലും വയറിങ്ങും മെയിന്‍ സ്വിച്ചും മോട്ടോറിലേക്കുള്ള വയറിങ്ങും കത്തിക്കരിഞ്ഞു. കെ.എസ്.ഇ.ബിയുടെ സര്‍വിസ് വയറും മിന്നലില്‍ കത്തി. ഫൗസിയയുടെ വീട്ടിലും സമാനരീതിയിലാണ് നാശമുണ്ടായിരിക്കുന്നത്. മെയിന്‍ സ്വിച്ചും മീറ്ററും നശിക്കുകയും ഫ്യൂസുകള്‍ പൊട്ടിത്തെറിക്കുകയും സമീപത്തെ ചുമരിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
വീടിനകത്ത് സ്വിച്ച് ബോര്‍ഡുകള്‍ കത്തിയ നിലയിലാണ്. മൂന്നു വീടുകളിലും വയറിങ് മാറ്റിസ്ഥാപിക്കേണ്ട അവസ്ഥയാണുള്ളത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാല്‍ മാത്രമേ നഷ്ടത്തിന്റെ കണക്ക് ലഭ്യമാവുകയുള്ളൂ. ഗ്രാമപഞ്ചായത്ത് അംഗം കെ. അമ്പിളിയും കെ.എസ്.ഇ.ബി അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.