നാദാപുരം: നരിപ്പറ്റ കണ്ടോത്ത് കുനിയിൽ ചില വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് പൊലീസ് വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളിൽ തെറ്റിപ്പിരിഞ്ഞവർ ചേർന്നുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പുകളിലെ പരാമർശങ്ങൾ നാട്ടിലെ സ്വൈര ജീവിതത്തിന് തടസ്സമായതോടെയാണ് പൊലീസിന്റെ അറ്റകൈ പ്രയോഗം.
സ്ത്രീകൾക്കെതിരെ അവമതിപ്പുണ്ടാക്കുന്ന ആരോപണങ്ങൾ, പരസ്പരം ശത്രുത വളർത്തുന്ന എഴുത്തുകൾ എന്നിവയാണ് ഗ്രൂപ്പുകൾ വഴി പുറത്തുവിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത് നിരവധി തവണ പ്രദേശത്ത് സംഘർഷത്തിനിടയാക്കിയിരുന്നു. പ്രശ്നം സമാധാനനില കൈവിട്ടതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്. ഇതോടെ കണ്ടോത്തുകുനി പ്രദേശത്ത് വർഷങ്ങളായി നിലനിന്നിരുന്ന വാട്സ്ആപ് യുദ്ധങ്ങൾക്ക് കുറ്റ്യാടി പൊലീസ് വിരാമമിട്ടിരിക്കുകയാണ്.
ഗ്രൂപ്പുകളിൽ വരുന്ന സന്ദേശത്തിന്റെ പേരിൽ പ്രദേശവാസികൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് കൊമ്പുകോർക്കുകയും സംഘർഷത്തിന്റെ വക്കിലേക്ക് കാര്യങ്ങൾ എത്തിപ്പെടുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ പരാതികളായെത്തി പൊലീസിന്റെ വിലപ്പെട്ട സമയം വാട്സ്ആപ് യുദ്ധങ്ങൾ പരിഹരിക്കാൻ മാറ്റിവെക്കേണ്ടി വന്നതോടെയാണ് കുറ്റ്യാടി പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
പ്രശ്നങ്ങൾക്കിട വരുത്തിയ നാല് വാട്സ്ആപ് ഗ്രൂപ്പുകൾ പൂട്ടുകയും പരാതിക്കിടയായ ആളുകൾ ചേർന്ന് പുതിയ വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ വിലക്ക് ലംഘിച്ച് പുതിയ വാട്സ്ആപ് ഗ്രൂപ്പുകൾക്ക് തുടക്കമിട്ട ചിലർക്കെതിരെ കുറ്റ്യാടി പൊലീസ് നടപടിക്കൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.