വഖഫ് ബോർഡിന്റെ കോഴിക്കോട് മേഖല ഓഫിസ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം വഖഫ് ബോർഡിന് വാടകക്കെട്ടിടത്തിൽനിന്ന് മോചനം. പുതിയസ്റ്റാന്‍ഡ് ഇ.എം.എസ് സ്റ്റേഡിയത്തിന് പിറകുവശത്തെ എസ്.കെ ടെമ്പിള്‍ റോഡിലെ വഖഫ് ബോർഡിന്റെ കോഴിക്കോട് മേഖല ഓഫിസ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വഖഫ് കോടതി ഉൾപ്പെടെ പ്രവർത്തിക്കുന്ന പുതിയ സമുച്ചയം ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മേഖല ഓഫിസ് കെട്ടിടം നിർമിക്കുന്നത് സംബന്ധിച്ച് ഗൗരവ ചർച്ചകൾ നടക്കുന്നുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ ഓഫിസ് പ്രവർത്തിക്കുക. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12,000ത്തിൽ പരം വഖഫുകളിൽ 8000 ലധികം വഖഫ് സ്ഥാപനങ്ങൾ ഈ മേഖലയിലാണ്. ഈ ജില്ലകളിലായി വിവിധ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ഓഫിസിലാണ് ഈ പ്രദേശങ്ങളിലെ കേസുകൾ കൈകാര്യം ചെയ്യുന്നത്. വഖഫ് നിയമപ്രകാരമുള്ള അപ്പീൽ അതോറിറ്റി, വഖ്ഫ് ട്രൈബ്യൂണൽ എന്നിവയും കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 13,900 ചതുരശ്ര അടി വിസ്തീർണത്തിലാണ് പൂർണമായി ശീതീകരിച്ച നാല് നിലയുള്ള കെട്ടിടം ഒരുക്കിയിട്ടുള്ളത്. ബോര്‍ഡിന്റെ കോഴിക്കോട് മേഖല ഓഫിസ്, ബോര്‍ഡ് ചെയര്‍മാന്റെയും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെയും ഓഫിസ്, മീറ്റിങ് ഹാള്‍, വഖഫ് കോര്‍ട്ട് ഹാള്‍, ഗെസ്റ്റ് റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
2010ലാണ് 24.45 സെന്റ് സ്ഥലത്ത് അന്നത്തെ വഖഫ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തറക്കല്ലിടുന്നത്. 2023 നവംബറില്‍ ടെൻഡര്‍ വിളിച്ചു. 2024ല്‍ ആരംഭിച്ച നിർമാണ പ്രവൃത്തി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. ചടങ്ങിൽ വഖഫ്-ന്യൂനപക്ഷകാര്യ മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. എം. ഷറഫുദ്ദീൻ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, റസിയ ഇബ്രാഹീം, കെ.എം. അബ്ദുൽ റഹീം, വി.എം. രഹ്ന, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ സ്വാഗതവും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വി.എസ്. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ആർകിടെക്ട് പി.സി. അബ്ദുൽ റഷീദ്, കരാറുകാരൻ കെ.ആർ. മുസ്തഫ എന്നിവർക്കുള്ള സ്നേഹോപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. ചീഫ് എക്സി. ഓഫിസർ സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.