1. മരക്കഷണം തലയിലേക്ക് തുളച്ചുകയറിയ നിലയിൽ 2. പുറത്തെടുത്ത മരക്കഷണം
കോഴിക്കോട്: കണ്ണിനു മുകളിലൂടെ തലയിലേക്കു തുളച്ചുകയറിയ മരക്കഷണം അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ 62കാരനാണ് ഇക്കഴിഞ്ഞ 11ന് ഗുരുതര അപകടം പറ്റിയത്.
മുള മുറിക്കുന്നതിനിടയിൽ നാലു മീറ്റർ ഉയരത്തിൽ നിന്ന് താഴെക്കുവീണ വയോധികന്റെ വലതു കണ്ണിന്റെ മൂക്കിനടുത്തുള്ള ഭാഗത്തുകൂടി തലയിലേക്ക് മരക്കഷണം തുളച്ചുകയറുകയായിരുന്നു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചയുടൻ സി.ടി സ്കാൻ, സി.ടി ആൻജിയോഗ്രാം, എം.ആർ.ഐ പരിശോധനകൾക്ക് വിധേയനാക്കി.
കണ്ണിന്റെ പോളയിലൂടെ തുളഞ്ഞു കയറിയ മരക്കഷണം കണ്ണിന്റെ പിറകിലെ എല്ലുതുളച്ച് രണ്ടായിപ്പിരിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. പരിശോധനകൾക്കുശേഷം ന്യൂറോ സർജറി തിയറ്ററിൽ ഡോ.പി. വിജയന്റെ നേതൃത്വത്തിൽ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ഏഴു സെ.മീ നീളവും രണ്ട് സെ.മീ വീതിയുമുള്ള മരക്കഷണം നീക്കം ചെയ്തു. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരായ ജലീൽ, റെസ്വി, എബ്ബി, നേത്ര വിഭാഗത്തിലെ ഡോക്ടർമാരായ സിൽനി ചന്ദ്ര, രഞ്ജിനി, ജെയ്മി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരായ കെ.ആർ. രാധ, അനുഷ, അഞ്ജുഷ, ശരത്, സ്റ്റാഫ് നഴ്സ് അഞ്ജു എന്നിവർ ശസ്ത്രക്രിയയുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.