കെ. സേതുരാമൻ
കോഴിക്കോട്: പുതിയ ഉത്തരമേഖല ഐ.ജിയായെത്തുന്നത് പൊലീസ് സേനക്കപ്പുറം സാഹിത്യരംഗത്തുകൂടി ശോഭിച്ചയാൾ. നിലവിലെ ഐ.ജി നീരജ്കുമാർ ഗുപ്ത തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് മാറുന്ന ഒഴിവിലാണ് കൊച്ചി സിറ്റി പൊലീസ് മേധാവിയായിരുന്ന കെ. സേതുരാമൻ ഉത്തരമേഖല ഐ.ജിയായെത്തുന്നത്. 2004ൽ ഐ.പി.എസ് നേടിയ ഇദ്ദേഹം മലപ്പുറം ജില്ല പൊലീസ് മേധാവി, കണ്ണൂർ ഡി.ഐ.ജി, കൊച്ചി സിറ്റി പൊലീസ് മേധാവി തുടങ്ങിയ പ്രധാന പദവികളിലുൾപ്പെടെ പ്രവർത്തിച്ചു.
ചരിത്രവും നരവംശശാസ്ത്രവും സാഹിത്യവും ശാസ്ത്രവും ഇഴചേർന്ന ‘മലയാളി: ഒരു ജനിതക വായന’ എന്ന ഇദ്ദേഹത്തിന്റെ പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ‘മലയാളത്തിന്റെ ഭാവി’ എന്ന പുസ്തകത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഗ്രന്ഥരചന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൂന്നാർ ചോലമല സ്വദേശിയായ കെ. സേതുരാമൻ ടാറ്റ ടീ പ്ലാന്റേഷനിൽ തൊഴിലാളികളായിരുന്ന കറുപ്പയ്യയുടെയും സുബ്ബമ്മാളിന്റെയും മകനാണ്. കേരളത്തിൽ തോട്ടംതൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഐ.പി.എസ് ഓഫിസറാണ്. ചോലമലയിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു ആദ്യപഠനം. തുടർന്ന് ഉദുമൽപേട്ടയിലെ അമരാവതി നഗറിലെ സൈനിക് സ്കൂളിലെത്തി. പിന്നീട് എൻജിനീയറിങ്ങിന് ചേർന്നെങ്കിലും അതുപേക്ഷിച്ച് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബി.എയും എം.എയും നേടി. തുടർന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽനിന്ന് ‘ജനകീയാസൂത്രണത്തിൽ ഗോത്രവർഗത്തിന്റെ പങ്ക്’ എന്നതിൽ എം.ഫില്ലും നേടി. പിന്നാലെയാണ് സിവിൽ സർവിസ് മോഹം വന്നതും ഐ.പി.എസ് നേടിയതും. ഭാര്യ: ഡോ. ഷീന. മക്കൾ: സിദ്ധാർഥ്, ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.