രാജേഷ് കുമാർ
കോഴിക്കോട്: ആശുപത്രിമുറിയിൽ രോഗിക്കൊപ്പം എത്തിയയാളുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ അന്തർജില്ല മോഷ്ടാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി കരിമിനിക്കൽ രാജേഷ് കുമാർ എന്ന കണ്ണൂർ രാജേഷിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. ഫാത്തിമ ആശുപത്രിയിൽ ജനുവരി 31ന് രാത്രി 10.30ന് രോഗിയെ കാണിക്കുന്നതിന് വന്ന ബേപ്പൂർ രജിത്തിന്റെ മാലയും ബ്രേസ് ലെറ്റും മോതിരവും ഉൾപ്പെടെ നാലുപവൻ സ്വർണാഭരണവും 5000 രൂപയും രോഗിയുടെ മുറിയിൽ കയറി കളവുചെയ്ത കേസിലാണ് പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയശേഷം പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ആർഭാട ജീവിതത്തിനും ലഹരിമരുന്ന് ഉപയോഗത്തിനുമാണ് പണം ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം, തൃശൂർ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 20ഓളം സമാന കേസിൽ ജയിൽവാസം അനുഭവിച്ച പ്രതി ജനുവരി 26ന് കോട്ടയം ജില്ലയിൽനിന്ന് ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കണ്ണൂർ ജില്ലയിൽ ഒറ്റക്ക് ഒളിവിൽ കഴിയുകയായിരുന്നു.
നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസനാഥ്, കിരൺ ശശിധർ, കെ. നാരായണൻ, എ.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, എം.കെ. സജീവൻ, എം.പി. ദിനേശൻ, ടി. ജുനൈസ്, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.