കെ.പി. ഹരിത വീട്ടുവളപ്പില്‍ വിളയിച്ച കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം ഉണ്ണികുളം കൃഷി ഓഫിസർ എം.കെ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്യുന്നു

കരനെല്‍ കൃഷിയില്‍ ഹരിതയുടെ ഹരിതവിപ്ലവം

എകരൂല്‍: കരനെല്‍ കൃഷിയില്‍ ഹരിതവിപ്ലവം തീര്‍ക്കുകയാണ് പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കെ.പി. ഹരിത. കാന്തപുരം കൊട്ടമല ഇല്ലത്തില്‍ ദിനേശന്‍ നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകളായ ഹരിതയുടെ കരനെല്‍ കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. വീടിനടുത്ത 20 സെൻറ്​ സ്ഥലമാണ്‌ ഹരിതയും കുടുംബവും കൃഷിയോഗ്യമാക്കിയത്. മാതാപിതാക്കളും പൂനൂര്‍ ജി.എം.യു.പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന അനുജന്‍ അപ്പു എന്ന ഹരിജയന്തും ചേർന്നാണ് കൃഷിക്കായി വിത്തെറിഞ്ഞതും കള പറിച്ചതും. നിലമൊരുക്കാനുള്ള യന്ത്രവും വിത്തും കൃഷിഭവനിൽനിന്ന് ലഭിച്ചു. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി.

കോവിഡ് കാലമായതിനാൽ സ്കൂള്‍ കാര്‍ഷിക ക്ലബി​െൻറ പ്രവർത്തനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നതി​െൻറ ഭാഗമായാണ് സ്കൂളിലെ ക്ലബ് അംഗവും സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുമായ ഹരിത തെങ്ങിൻതോപ്പിൽ നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. കൃഷിഭവനില്‍നിന്ന്‍ സൗജന്യമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ്‌ കൃഷി. ആദ്യമായാണ് കരനെല്‍കൃഷി ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കപ്പ, മഞ്ഞള്‍, ഇഞ്ചി, ചേമ്പ്, ചേന, വാഴ തുടങ്ങിയവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

ഹരിതയുടെ താല്‍പര്യപ്രകാരമാണ് നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചതെന്നും പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ഹരിതക്ക് ചെറു പ്രായത്തിലേ മണ്ണിനോടും കൃഷിയോടും വലിയ താല്‍പര്യമായിരുന്നുവെന്നും അമ്മ ശ്രീദേവി പറഞ്ഞു. സ്കൂളില്‍നിന്ന്‍ ലഭിക്കുന്ന തൈകള്‍ കൂടാതെ അയല്‍ വീടുകളില്‍നിന്നും കൃഷിഭവനില്‍നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും നട്ടുപിടിപ്പിക്കാന്‍ ഹരിത മുന്നിലുണ്ടാവും.

കൊയ്ത്തുത്സവം ഉണ്ണികുളം കൃഷി ഓഫിസർ എം.കെ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി.എം. മജീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ എൻ. അജിത് കുമാർ, കെ.പി. ദാമോദരൻ നമ്പൂതിരി, സി.കെ. മുഹമ്മദ് ബഷീർ, എ.പി. ജാഫർ സാദിഖ്, എം.കെ. അബ്​ദുൽ കരീം, കെ. അബ്​ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ക്ലബ് കോഓഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും കെ.പി. ഹരിത നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.