കൊടുവള്ളിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പിൻവശത്തുനിന്ന് കണ്ടെത്തിയ കഞ്ചാവ് ചെടി താമരശ്ശേരി
എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നു
കൊടുവള്ളി: നഗരമധ്യത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിന്നിൽ ദുരൂഹ സാഹചര്യത്തിൽ വളർന്നുനിന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൊടുവള്ളി ടൗണിൽ സർവിസ് സഹകരണ ബാങ്കിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് പിൻവശത്തെ പറമ്പിലാണ് ചെടി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഏകദേശം 210 സെന്റീമീറ്റർ (ഏഴ് അടിയിലധികം) ഉയരത്തിൽ വളർന്ന നിലയിലായിരുന്നു ചെടി. പ്രദേശത്തെ പുൽക്കാടുകൾക്കിടയിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലായിരുന്നു ഇത് നിന്നിരുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകർ നൽകിയ വിവരത്തെതുടർന്നാണ് താമരശ്ശേരി എക്സൈസ് സംഘം സ്ഥലത്തെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ. ഗിരീഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ പി. ഷിഞ്ചുകുമാർ, സിവിൽ എക്സൈസ് ഓഫിസർ പി. അജിത് എന്നിവരടങ്ങുന്ന സംഘമാണ് ചെടി കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ഉപയോഗിക്കുന്നവർ ആരെങ്കിലും വലിച്ചെറിഞ്ഞ വിത്തിൽനിന്ന് തനിയെ മുളച്ചുണ്ടായതാകാനാണ് സാധ്യതയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പ്രാഥമിക നിഗമനത്തിൽ പറഞ്ഞു. എങ്കിലും, ആരെങ്കിലും മനഃപൂർവം വളർത്തിയതാണോ എന്ന കാര്യത്തിൽ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.