കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് തുടക്കംകുറിച്ച് ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ കോഴിക്കോട് ബീച്ചില്‍ ബലൂണുകള്‍ പറത്തിയപ്പോള്‍  ചിത്രം പകർത്തിയത് - പി. സന്ദീപ്

‘കേരള ഡിസബിലിറ്റി ഫെസ്റ്റിവലി’ന് വർണാഭ തുടക്കം

കോഴിക്കോട്: വൈവിധ്യങ്ങളുടെയും ഉൾച്ചേർക്കലിന്റെയും സന്ദേശമുയർത്തി ‘കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ’ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ തുടങ്ങി. 21തരം ഡിസബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് ആകാശത്തേക്ക് ബലൂണുകൾ പറത്തിയാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ, കലക്ടർ സ്നേഹിൽ കുമാർ സിങ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ നിയമപ്രകാരം അംഗീകരിച്ച 21തരം ഡിസബിലിറ്റികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്.  കാഴ്ചയില്ലാത്തവരുടെ ലോകം, കേൾവി പരിമിതിയുള്ളവരുടെ വിനിമയങ്ങൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ദൈനംദിന ജീവിതം തുടങ്ങിയവ നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കുന്ന ‘എക്സ്പീരിയൻസ് സോണുകൾ’ മേളയുടെ പ്രധാന ആകർഷകമാണ്. ഉൾച്ചേരൽ, തുല്യത, വൈവിധ്യം എന്നീ പേരുകളിലുള്ള മൂന്ന് വേദികളിലായി മുപ്പതോളം അക്കാദമിക് സെഷനുകളും ചർച്ചകളും നടക്കും. വിവിധ മേഖലകളിലെ 120ഓളം വിദഗ്ധർ സംസാരിക്കും.

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി ടീം എബിലിറ്റി

അവതരിപ്പിച്ച രാജസ്ഥാനി നൃത്തം


രാജസ്ഥാനി വീൽചെയർ നൃത്തം, വീൽചെയർ സൂഫി നൃത്തം, ലക്ഷദ്വീപിൽ നിന്നുള്ള ഡോളിപാട്ട്, ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ഡച്ച് നാടകം, പൂമ്പാറ്റ ചെണ്ടമേളം തുടങ്ങി കലാപ്രകടനങ്ങളും അരങ്ങേറും. ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ, ഫ്ലീ മാർക്കറ്റ്, സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക സന്നദ്ധ സംഘടനയായ തണലിന്‍റെയും സംസ്ഥാനത്തെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ, ജില്ല ഭരണകൂടത്തിന്റെയും സാംസ്കാരിക പൗരാവലിയുടെയും പിന്തുണയോടെ നടത്തുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ചടങ്ങിൽ ഇവന്റ് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ജന. കൺവീനർ ഡോ. വി. ഇദ്‌രീസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ സഫറി വെള്ളയിൽ, ക്യൂറേറ്റർ ഡോ. അഭിലാഷ് പിള്ള, ഡോ. പി.സി. അൻവർ, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, എ.കെ. നിഷാദ്, സി.പി. ഷിഹാദ്, ഇമ്മാനുവൽ, ഉമർ ഫാറൂഖ് ലക്ഷദീപ്, നുസ്രത് വഴിക്കടവ്, അജ്മൽ മണ്ണാർക്കാട്, ശ്രീജ രാധാകൃഷണൻ എന്നിവർ സംസാരിച്ചു. സമീർ സഫീറ നന്ദി പറഞ്ഞു.

Tags:    
News Summary - Kerala Disability Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.