കക്കോടി: യുവതിയെ കൊലപ്പെടുത്തി മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കക്കോടി മോരീക്കര ഐഡിയൽ ഇൻഡസ്ട്രിയൽ ഉടമ തടമ്പാട്ടുതാഴം സ്വദേശി വൈശാഖനെയാണ് (35) എലത്തൂർ പൊലീസിന് കൈമാറിയത്.
ഒന്നിച്ച് മരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പാലത്ത് സ്വദേശിയായ 26കാരിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസിന്റെ അപേക്ഷയിൽ കൊയിലാണ്ടി കോടതി ഫെബ്രുവരി അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം നടത്തിയ സ്ഥാപനം, ഉറക്കഗുളിക വാങ്ങിയ മരുന്ന് ഷോപ്പ്, പ്രതിയുടെ വീട് തുടങ്ങിയ ഇടങ്ങളിൽനിന്ന് കൊലപാതക പദ്ധതിയൊരുക്കിയത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കേണ്ടതുണ്ട്.
സ്റ്റേഷനിൽവെച്ചുള്ള ചോദ്യംചെയ്യലിൽ കുറ്റങ്ങളെല്ലാം പ്രതി സമ്മതിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്ക് മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയെ പ്രായപൂർത്തിയാവുന്നതിന് മുമ്പും പീഡിപ്പിച്ചിരുന്നതിനാൽ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട യുവതിയുമായി പ്രതിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെ കുറിച്ച് അറിവില്ലെന്നാണ് ഭാര്യ പൊലീസിന് വ്യാഴാഴ്ച മൊഴി നൽകിയത്. സൗഹൃദബന്ധത്തെക്കുറിച്ച് പല വേളകളിലും ചോദ്യംചെയ്തിരുന്നെങ്കിലും വൈശാഖൻ ഭാര്യയെ അനുസരിക്കാതെ ബന്ധം തുടരുകയായിരുന്നുവെന്നാണ് പൊലീസിന് മൊഴിനൽകിയത്. കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തുക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽനിന്നും മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ചയാണ് 26 കാരിയെ വൈശാഖ് കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് ആദ്യം കരുതിയ കേസിൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരളഴിയുന്നത്. യുവതി വിവാഹത്തിന് വൈശാഖനെ നിർബന്ധിച്ചതോയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.