മേയർ ഡോ. ബീന ഫിലിപ്പും സെക്രട്ടറി കെ.യു. ബിനിയും ബ്രാഗയിലെ സാഹിത്യ നഗരങ്ങളുടെ കൂടിച്ചേരലിൽ പ്രതിനിധികൾക്കൊപ്പം
കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ യു.എൻ എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ (യുനസ്കോ) ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി തിരഞ്ഞെടുത്ത കോഴിക്കോടിന്റെ പ്രതിനിധികളെ പോർചുഗലിലെ ബ്രാഗ നഗരം വരവേറ്റു.
യുനസ്കോ സർഗാത്മക നഗര ശൃംഖലയിൽ ഉൾപ്പെട്ട നഗരങ്ങളുടെ ആഗോള ഒത്തുചേരലിലാണ് മേയർ ഡോ.ബീന ഫിലിപ്പ്, സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുക്കുന്നത്. ക്രിയേറ്റിവ് നെറ്റ് വർക്കിൽ പുതുതായി അംഗത്വം ലഭിച്ച കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളെ സ്വാഗതം ചെയ്തുള്ള ചടങ്ങ് ബ്രാഗയിൽ വർണാഭമായി നടന്നു.
ബ്രാഗ മേയർ മിറിക്കാർഡോ റിയോ സ്വാഗതമോതിയ ചടങ്ങിൽ പോർചുഗൽ പ്രസിഡന്റ് മാർസെലോ റെ ബെലോ ഡി സൂസയും സന്നിഹിതനായി. നേത്തെ പദവി ലഭിച്ച നഗരങ്ങൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച രജിസ്ട്രേഷനിലും തുടർന്ന് നടന്ന പരിചയപ്പെടൽ ചടങ്ങിലും കോഴിക്കോടിന്റെ പ്രതിനിധികൾ പങ്കെടുത്തു. യുവാക്കളെ അടുത്ത പതിറ്റാണ്ടിലേക്ക് എത്തിക്കൽ എന്ന വിഷയത്തിലായിരുന്നു പ്രാരംഭ ചർച്ച. ഇതുവരെ സർഗാത്മക നഗരപദവി കിട്ടിയവരും പുതുതായി പദവി കിട്ടിയവരും ഒന്നിച്ചിരുന്ന് സർഗാത്മക നഗരങ്ങളുടെ സവിശേഷതകൾ പങ്കുവെച്ചു.
ഇത് വിവിധ നഗരങ്ങളെ അടുത്തറിയാൻ സൗകര്യമൊരുക്കിയ മികച്ച അനുഭവമായിരുന്നുവെന്നും ഓരോ നഗരത്തിന്റെയും സവിശേഷതകൾ മനസിലാക്കാൻ കഴിഞ്ഞത് വലിയ സഹായമായെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. 2023നുശേഷം യു.എൻ ശൃംഖലയിൽ ഇടം കണ്ടെത്തിയ നഗരങ്ങളിലെ പ്രതിനിധികളെല്ലാം ചൊവ്വാഴ്ച ഒന്നിച്ചിരിക്കും.
അതത് നഗരങ്ങളിലെ പ്രത്യേകതകൾ അവർ അവതരിപ്പിക്കും. ഇതിൽ മേയർ കോഴിക്കോടിനെ പ്രതിനിധാനംചെയ്ത് സംസാരിക്കും. അഞ്ച് മിനിറ്റുവരെയാണ് ഓരോ പ്രതിനിധിക്കുമുള്ള സംസാര സമയം. പദവി കൈമാറുന്നതിന് പ്രത്യേക ചടങ്ങില്ലെന്നാണ് പ്രാഥമിക വിവരമെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.