കുന്ദമംഗലം: 2011 മുതൽ മണ്ഡലത്തിൽ എൽ.ഡി.എഫിലെ പി.ടി.എ. റഹീമാണ് എം.എൽ.എ. അതിനു മുമ്പ് രണ്ടുതവണ എം.എൽ.എയായിരുന്ന യു.ഡി.എഫിലെ യു.സി. രാമനെ 2011ൽ തോൽപിച്ചാണ് പി.ടി.എ. റഹീം എം.എൽ.എ ആയത്. ശേഷം പി.ടി.എ. റഹീം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 2021ൽ യു.ഡി.എഫിലെ ദിനേശ് പെരുമണ്ണയെയാണ് റഹീം പരാജയപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷം എൽ.ഡി.എഫ് ഭരണത്തിൽ 2200 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് എം.എൽ.എ അറിയിച്ചു. 2021 മുതലുള്ള അഞ്ചു വർഷം 1000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്താൻ സാധിച്ചത്.
കിഫ്ബി പദ്ധതിയിൽ അനുവദിച്ച 42 കോടി രൂപ ചെലവിൽ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ കളൻതോട്-കൂളിമാട് റോഡ്, 25 കോടി രൂപ ചെലവിൽ നിർമിച്ച കൂളിമാട് പാലം, 62 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിച്ചുവരുന്ന ആർ.ഇ.സി-മലയമ്മ-കൂടത്തായി റോഡ്, സി.ഡബ്ല്യു.ആർ.ഡി.എം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 36 കോടി രൂപ ചെലവിൽ നവീകരിച്ചു, അരയിടത്തുപാലത്തുനിന്ന് കാരന്തൂരിലേക്ക് വീതി കൂടിയ റോഡ് നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയിൽനിന്ന് 205 കോടി രൂപ അനുവദിക്കുകയും സ്ഥലമെടുപ്പ് നടപടികൾ പുരോഗമിച്ചു വരികയുമാണ്. ചാത്തമംഗലത്തുനിന്ന് തെങ്ങിലക്കടവിലേക്കുള്ള റോഡിന് 19 കോടി രൂപ, പുൽപ്പറമ്പ്മുക്ക്-നായർകുഴി-കണ്ണിപറമ്പ്-കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡിന് 20 കോടി രൂപ, മെഡിക്കൽ കോളജ്-മാവൂർ റോഡിന് 23 കോടി രൂപ എന്നിവയും അനുവദിച്ചു.
പുതിയ സർക്കാർ ഐ.ടി.ഐ ആരംഭിക്കുകയും അതിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ രണ്ട് ഏക്കർ സ്ഥലം ലഭ്യമാക്കുകയുംചെയ്തിട്ടുണ്ട്. 162 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച 220 കെ.കെ.വി ജി.ഐ.എസ് സബ്സ്റ്റേഷൻ കുന്ദമംഗലം ടൗണിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെ പ്രവൃത്തി പൂർത്തീകരിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള സബ്സ്റ്റേഷനുകൾ നവീകരിക്കുകയും പന്തീരാങ്കാവിൽ 110 കെ.വിയുടെ പുതിയൊരു സബ്സ്റ്റേഷൻ പ്രവൃത്തി ആരംഭിക്കുകയുംചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഹബ്ബായ കുന്ദമംഗലത്ത് ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് വിലക്കെടുത്ത് നൽകിയ സ്ഥലത്ത് ഒരു ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിച്ചു. കോളജ് കോമ്പൗണ്ടിൽ 25 കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ച് ഉദ്ഘാടനംചെയ്തത്. മാവൂരിൽ 18 തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് പുതുതായി ഒരു ഫയർസ്റ്റേഷൻ അനുവദിച്ചിരിക്കുകയാണ്. കുന്ദമംഗലം ടൗണിൽ അഞ്ച് നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമിച്ചു. ഇങ്ങനെ പോകുന്നു എം.എൽ.എയുടെ അവകാശവാദങ്ങൾ.
എന്നാൽ, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫ് വാദം. പ്രകടന പത്രികയിലെ ഏതെങ്കിലും വാഗ്ദാനങ്ങൾ നടപ്പാക്കി എന്ന് ചൂണ്ടിക്കാണിക്കുന്നവർക്ക് യൂത്ത് ലീഗ് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എം.എൽ.എമാർക്ക് ഒരുപോലെ ലഭിക്കുന്ന പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, ബജറ്റിൽ കണക്കാക്കുന്ന നിശ്ചിത മണ്ഡല വിഹിതം ഉപയോഗിച്ച് മരാമത്ത് പ്രവൃത്തികൾ എന്നിവയല്ലാതെ വേറിട്ട പദ്ധതികൾ നടപ്പാക്കിയില്ല എന്നാണ് യു.ഡി.എഫ് ആരോപണം.
ഇത്തവണയും എൽ.ഡി.എഫ് പി.ടി.എ. റഹീമിനെ തന്നെയാണ് രംഗത്തിറക്കാൻ സാധ്യത. യു.ഡി.എഫിൽ മുൻ എം.എൽ.എ യു.സി. രാമൻ, പി.കെ. ഷറഫുദ്ദീൻ എന്നിവരുടേത് ഉൾപ്പെടെയുള്ള പേരുകളുണ്ടെങ്കിലും സർപ്രൈസ് സ്ഥാനാർഥി ഉണ്ടാകുമെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.