തുറയൂരിൽ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മകന്റെ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുക്കാൻ ഖബറിന് മുകളിലെ മണ്ണ് നീക്കം ചെയ്യുന്നു
പയ്യോളി: പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മകൻ പൊലീസിൽ കൊടുത്ത പരാതിയെതുടർന്ന് രണ്ടാഴ്ച മുമ്പ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. പയ്യോളി തുറയൂർ അട്ടക്കുണ്ടിലെ ഈളുവയലിൽ മുഹമ്മദാണ് (58) കഴിഞ്ഞ മേയ് 26ന് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ പയ്യോളി കണ്ണംകുളം കുഴിച്ചാലിൽ മുഫീദ് പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിൽ നൽകിയ പരാതിയിൽ മുഹമ്മദിന്റെ മയ്യത്ത് ഖബർ തുറന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി പരിശോധിക്കുകയായിരുന്നു.
ആർ.ഡി.ഒ പി. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് ഖബറിൽനിന്ന് മൃതദേഹം പുറത്തെടുത്ത് സമീപത്ത് നിന്നുതന്നെ പോസ്റ്റ്മോർട്ടം ചെയ്തത്. മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. പി.എസ്. സഞ്ജയ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. തഹസിൽദാർ (എൽ.ആർ) സി. സുബൈർ, പയ്യോളി പൊലീസ് എസ്.എച്ച്.ഒ എ.കെ. സജീഷ്, എസ്.ഐമാരായ പി. റഫീഖ്, ജയദാസൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വീണ്ടും മറവ് ചെയ്തു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തി. ഹൃദയാഘാതം മൂലമാണ് മുഹമ്മദ് മരണപ്പെട്ടതെന്നും ഒന്നിൽ കൂടുതൽ തവണ ഹൃദയസ്തംഭനം സംഭവിച്ചതായി പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തമായതുമാണ് പ്രാഥമിക നിഗമനം. അതേ സമയം ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും, അതോടുകൂടി മാത്രമേ റിപ്പോർട്ട് പൂർത്തിയാവുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.