ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ഉപേക്ഷിച്ചതിനെതിരെ കോഴിക്കോട് താലൂക്ക് മോട്ടോർ ഡ്രൈവിങ് സ്കൂൾ കോഓഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ച്
കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നിശ്ചലമായി. ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലെ ഓട്ടോമാറ്റിക്ക് സംവിധാനമാണ് കരാർ പുതുക്കാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്താതെ പ്രവർത്തനരഹിതമായത്.
കെൽട്രോൺ ഏറ്റെടുത്ത പ്രവൃത്തി സ്വകാര്യ കമ്പനിക്കാണ് അറ്റകുറ്റപണികൾക്ക് വാർഷിക കരാർ നൽകിയത്. വകുപ്പ് കുടിശ്ശിക വരുത്തിയതോടെ കരാർ പുതുക്കാതെ അറ്റകുറ്റപണിയിൽനിന്ന് ഒഴിവാകുകയായിരുന്നു. ദിനം പ്രതി മൂന്നു സ്ലോട്ടുകളിലായി 180 ഓളം ടെസ്റ്റുകളാണ് ഗ്രൗണ്ടിൽ നടത്തിയിരുന്നത്.
ഓട്ടോമാറ്റിക് സംവിധാനം നിലച്ചതോടെ ഇരുമ്പുകമ്പികളടിച്ച് പഴയ രീതിയിൽ ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്തുകയാണ്. കോഴിക്കോട്, പേരാവൂര്‍, പാറശാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നവീകരിച്ച രീതിയിൽ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നടപ്പാക്കിയത്.
വാഹനാപകടങ്ങള്‍ വര്‍ധിച്ചതും പഴയ ടെസ്റ്റ് രീതിയില്‍ അപാകതകളും ക്രമക്കേടുകളും വര്‍ധിച്ചതിനാലുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പിനെ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നടപ്പാക്കാന്‍ പ്രേരിപ്പിച്ചത്.
ടെസ്റ്റ് പഴയ രീതിയിലേക്ക് മാറിയത് ഏറെ ആശങ്കകൾ ഉയർത്തുകയാണ്. ഉദ്യോഗസ്ഥരുടെ അമിതസ്വാധീനം ഗുണനിലവാരവും കുറക്കുമെന്നും അഴിമതിക്കിടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റില്‍ അപേക്ഷകര്‍ വാഹനവുമായി ട്രാക്കില്‍ കയറുമ്പോള്‍ മുതല്‍ കാമറ നിരീക്ഷണത്തിലായിരിക്കും.
എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ കാമറയുമായി ബന്ധിച്ചിരിക്കുന്ന കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. ടെസ്റ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിജയിച്ചോ ഇല്ലയോ എന്ന് അറിയാനും സാധിക്കും.
മികച്ച പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഈ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കുടിശ്ശിക തീർക്കാൻ സർക്കാർ കനിഞ്ഞെങ്കിൽ മാത്രമേ ഇനി ഓട്ടോമാറ്റിക് സംവിധാനം പുനരാരംഭിക്കുകയുള്ളൂ. ഇത് എന്നാകും എന്നതിനെക്കുറിച്ച് ഒരു തീർപ്പും പറയാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് കഴിയുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.