വടകര: 1977ലെ തെരഞ്ഞെടുപ്പിൽ കുട്ടോത്ത് പീടിക മുകളിൽ നീലത്തിൽ മുക്കി എഴുതിയ ചുമരെഴുത്ത് മാഞ്ഞു. 1975ലെ അടിയന്തരാവസ്ഥക്കുശേഷം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിലാണ് പ്രതിപക്ഷ കക്ഷികളെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് നീലത്തിൽ ചുമരെഴുത്ത് നടത്തിയത്.
പുതിയ കെട്ടിടം വന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെയാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ ഓർമപ്പെടുത്തുന്ന ചുമരെഴുത്ത് കാലയവനിക്കുള്ളിലേക്ക് മാഞ്ഞത്. പ്രതിപക്ഷ സ്ഥാനാർഥികളായി ലോക്സഭയിലേക്ക് അരങ്ങിൽ ശ്രീധരനും നിയമസഭയിലേക്ക് കെ. ചന്ദ്രശേഖരനുമാണ് മത്സരിച്ചത്. ജനത പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച ഇരുവരുടെയും ചിഹ്നം കലപ്പയേന്തിയ കർഷകനായിരുന്നു.
ലോക്സഭയിൽ അരങ്ങിലിന് എതിരായി മത്സരിച്ച കോൺഗ്രസ് സ്ഥാനാഥി കെ.പി. ഉണ്ണികൃഷ്ണൻ വിജയിച്ചു. നിയമസഭയിലേക്ക് കെ. ചന്ദ്രശേഖരനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽനിന്ന് വിജയിച്ച ഉണ്ണികൃഷ്ണൻ പിന്നീട് കോൺഗ്രസ് എസിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാഥിയായി വടകരയിൽനിന്ന് തുടരെ വിജയം കൊയ്തതും ചരിത്രത്തിന്റെ ഭാഗം.
ചുമരെഴുത്തിനൊപ്പം സ്ഥാനാഥികളുടെ ചിഹ്നമായ കലപ്പയേന്തിയ കർഷകനും സ്ഥാനം പിടിച്ചിരുന്നു. കുട്ടോത്തെ എം.പി. നാരായണനാണ് നീലത്തിൽ ചുമരെഴുത്ത് നടത്തിയത്. അടിയന്തരാവസ്ഥയുടെ 50ാം വാർഷികവേളയിലാണ് ചുമരെഴുത്ത് വിസ്മൃതിയിലേക്ക് മാഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.