കോഴിക്കോട്: വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ അധ്യാപകർ കൂടി ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യം. വിദ്യാർഥികളുടെ യാത്രാസൗകര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എ.ഡി.എം സി. മുഹമ്മദ് റഫീക്കിന്റെ ചേംബറിൽ ചേർന്ന ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ്, പ്രശ്നം പരിഹരിക്കാൻ സ്ഥിരം കമ്മിറ്റി വേണമെന്നും അതിൽ അധ്യാപകരെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം ഉയർന്നത്.
വൈകുന്നേരങ്ങളിൽ സ്കൂളുകളും കോളജുകളും വിടുന്ന നേരങ്ങളിൽ കുട്ടികൾ ബസിൽ കയറിപ്പോകേണ്ട സമയങ്ങളിലാണ് ഇത്തരം കമ്മിറ്റികളുടെ സേവനം വേണ്ടത്. ഇതിനായി ട്രാഫിക് പൊലീസിനെ കൂടാതെ അധ്യാപകർ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്സ്, പി.ടി.എ ഭാരവാഹികൾ എന്നിവരെക്കൂടിയുൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് ആവശ്യം.
വൈകീട്ട് സ്കൂളുകൾ വിടുന്ന സമയത്ത് സ്വാഭാവികമായും റോഡുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ചില കുട്ടികൾ ഗതാഗതം തടസ്സപ്പെടുത്തി മണിക്കൂറുകളോളം റോഡിൽ കൂട്ടം കൂടി നിൽക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നാലുമണിക്ക് ക്ലാസ് കഴിഞ്ഞാലും മണിക്കൂറുകൾ കഴിഞ്ഞാണ് ചിലർ പോകുന്നതെന്നാണ് ട്രാഫിക് പൊലീസിന്റെ പരാതി.
കുട്ടികളോട് പലതവണ പറഞ്ഞിട്ടും കാര്യമുണ്ടാകുന്നില്ല. ഈ അവസരങ്ങളിൽ അധ്യാപകരുടെ സേവനം ലഭിക്കുന്നത് സ്ഥിതി മെച്ചപ്പെടുത്തും. ഒരു സ്കൂളിൽ മയക്കുമരുന്നുകേസിലെ പ്രതി സ്കൂൾ യൂനിഫോമിൽ കുട്ടികളുടെ കൂടെ ചെലവഴിച്ചത് ശ്രദ്ധയിൽപെട്ടതായി ട്രാഫിക് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് വിൽപന ലക്ഷ്യംവെച്ചാണ് ഇത്തരക്കാർ യൂനിഫോമിട്ട് കുട്ടികൾക്കിടയിൽ സമയം ചെലവഴിക്കുന്നത്.
നേരത്തേ കേസിലുൾപ്പെട്ടയാളായതിനാലാണ് തിരിച്ചറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ സ്കൂൾ വിദ്യാർഥികളല്ലാത്തവരാരെങ്കിലും പരിസരത്ത് കറങ്ങിനടക്കുന്നത് തിരിച്ചറിയുന്നതിനും അധ്യാപകരുടെ സാന്നിധ്യം ഉപകരിക്കും.
ബസുകൾ നിർത്താതിരിക്കൽ, കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നതിൽ വിമുഖത കാണിക്കൽ എന്നീ പ്രശ്നങ്ങൾക്കെല്ലാം അധ്യാപകരുണ്ടാകുന്നത് നല്ലതായിരിക്കുമെന്നാണ് ട്രാഫിക് പൊലീസിന്റെ വാദം. ഇത് നല്ല നിർദേശമാണെന്നും ഇതുസംബന്ധിച്ച് അതത് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് നിർദേശം നൽകാനും കൂടാതെ ഡി.ഡി.ഇ ഓഫിസിനെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
ഇന്റേൺഷിപ് ചെയ്യുന്ന കുട്ടികൾക്കുകൂടി യാത്രായിളവ് നൽകണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ടി.ഒക്ക് അപേക്ഷ നൽകാം. പരിശോധിച്ചശേഷം അനുമതി നൽകാമെന്ന് എ.ഡി.എം ഉറപ്പുനൽകി.
വിദ്യാർഥികളെ കയറ്റാൻ ബസ് ജീവനക്കാർ തയാറാകുന്നില്ലെന്നും ഇത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നതായും വിദ്യാർഥി സംഘടന പ്രതിനിധികൾ പറഞ്ഞു. കൂടുതൽ ടിക്കറ്റ് തുക ജീവനക്കാർ ആവശ്യപ്പെടുന്നതായും പരാതിയുയർന്നു. ഇതെല്ലാം നിരന്തരം തർക്കങ്ങൾക്ക് കാരണമാകുന്നു.
ഗെസറ്റിൽ പറഞ്ഞ തുക മാത്രമേ ഈടാക്കാവൂവെന്ന് എ.ഡി.എം നിർദേശം നൽകി. കോവിഡിനുശേഷം ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു ബസ് ഉടമകളുടെ പരാതി. ആർ.ടി.ഒ പി.ആർ സുമേഷ്, ആർട്സ് കോളജ് അധ്യാപിക സോണിയ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.