ചെറുവറ്റ മുസ്ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നുള്ള സംഘം പഹൽഗാമിലെത്തിയപ്പോൾ എടുത്ത ഫോട്ടോ
കോഴിക്കോട്: പഹൽഗാം ബൈസരൺ വാലിയിയിൽ ഭീകരാക്രമണമുണ്ടായതറിഞ്ഞ ഞെട്ടലിൽനിന്ന് മുക്തരാകാൻ കഴിയാതെയാണ് കശ്മീരിലേക്ക് യാത്ര തിരിച്ച ചെറുവറ്റ മുസ്ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ നാട്ടിൽ തിരിച്ചെത്തിയത്. തലേന്ന് പാട്ടുപാടിയും റോപ് വേയിലൂടെ യാത്ര ചെയ്തും തീ കാഞ്ഞും കുതിര സവാരി ചെയ്തും ആഘോഷിച്ച ബൈസരൺ താഴ് വരയിൽ വിനോദസഞ്ചാരികൾ വെടിയേറ്റ് മരിച്ചുവീണുവെന്നറിഞ്ഞ വിദ്യാർഥികളും അധ്യാപകരും ദുരന്തത്തെക്കുറിച്ചോർത്ത് വിഷമിക്കണോ അതോ തങ്ങൾ രക്ഷപ്പെട്ടതിന് നന്ദി പറയണോ എന്നറിയാത്ത സന്ദിഗ്ധാവസ്ഥയിലാണ്.
ഏപ്രിൽ 15നാണ് കോഴിക്കോട് ചെറുവറ്റ മുസ്ലിം ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം കശ്മീരിലേക്ക് തിരിച്ചത്. ഏപ്രിൽ 21നാണ് ബൈസരൺ വാലിയിലെത്തിയത്. ആഘോഷങ്ങൾക്കുശേഷം അവിടെ നിന്ന് മടങ്ങി ശ്രീനഗറിലെത്തി. പിറ്റേന്ന് സോൻമാർഗിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ബൈസരൺവാലിയിൽ ആക്രമണം നടന്ന വാർത്തയറിഞ്ഞത്. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്നാണ് ടൂർ ഓപറേറ്റർ അപ്പോൾ പറഞ്ഞതെന്ന് ഓർഫനേജ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവിയായ റജില ടീച്ചർ പറഞ്ഞു. ‘‘പിന്നീട് അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നുമാത്രമാണ് തോന്നിയത്. പക്ഷെ, തലേന്ന് മണ്ണിടിച്ചിലുണ്ടായതിനാൽ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വളഞ്ഞ വഴിയാണെങ്കിലും മുഗൾ റോഡിലൂടെ പോകാമെന്ന് കരുതിയപ്പോൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിനും തടസ്സം വന്നു.
അതോടെ ജമ്മുവിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. പിറ്റേന്ന് ട്രക്ക് വിളിച്ചാണ് യാത്ര ചെയ്തത്. ഡൽഹിയും ആഗ്രയുമൊക്കെ പോകാനുള്ള ഇടങ്ങളായി ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും എല്ലാം മതിയാക്കി തിരിച്ച് നാട്ടിലെത്താനായിരുന്നു പിന്നീട് ശ്രമം. നാട്ടിൽനിന്ന് രക്ഷിതാക്കൾ ആധിയോടെ ഫോൺവിളിച്ചുകൊണ്ടേയിരുന്നു. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് നാട്ടിലേക്കും തിരിച്ചെത്തി വിദ്യാർഥികളെ രക്ഷിതാക്കളുടെ പക്കലേൽപിച്ചപ്പോഴാണ് ശ്വാസം നേരെ വീണത് -റജില ടീച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.