ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് ചൊവ്വാഴ്ച സംയുക്ത സമരസമിതി നേതൃത്വത്തിൽ പണിമുടക്ക്. ബോട്ട് ഓണർ അസോസിയേഷൻ, ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ, മുദാക്കര മഹല്ല് കമ്മിറ്റി, അരയസമാജം, തരകൻ അസോസിയേഷൻ , ഐസ് ഫിഷ് മർച്ചന്റ് ആൻഡ് കമീഷൻ ഏജൻസി, എസ്.ടി.യു, സി.ഐ.ടി.യു, ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളും ഹാർബറുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഹർത്താലിന് കാരണം. ഏപ്രിൽ മുതൽ പുതിയ ടോൾ ഏജൻസി നിലവിൽ വന്നത് മുതൽ പഴയ ടോൾ ചാർജുകൾക്ക് പകരം ഭീമമായ പുതുക്കിയ ചാർജ് ലഭിക്കണമെന്ന് നിർബന്ധം പിടിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഹാർബറിൽ തൊഴിലാളികളും കച്ചവടക്കാരും ടോൾ ബൂത്ത് പിരിവുകാരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുകയായിരുന്നു.
ബേപ്പൂർ പൊലീസ്, ഹാർബർ എൻജിനീയറിങ് വിഭാഗം തുടങ്ങിയവർ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അഭിപ്രായ സമന്വയത്തിൽ എത്താൻ സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ പ്രശ്നം രൂക്ഷമാവുകയും കച്ചവടക്കാരും ടോൾ പിരിവുകാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. തുടർന്ന് ബേപ്പൂർ പൊലീസ് സ്ഥലത്തെത്തി. പുതുക്കി നിശ്ചയിച്ച ടോൾ തുക പിരിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി വിധി ടോളുടമ സമ്പാദിച്ചതായി പറയപ്പെടുന്നു.
ഹർത്താൽ കാരണം ചൊവ്വാഴ്ച ബോട്ടുകൾ മത്സ്യബന്ധനത്തിന് പുറപ്പെടില്ല. തിങ്കളാഴ്ച രാത്രിയോടെ ഹാർബറിൽ എത്തിയ ബോട്ടുകളിൽനിന്ന് മത്സ്യം ഇറക്കില്ല.
ജില്ല കലക്ടർക്കും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസിനും നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചതായി സംയുക്ത സമരസമിതി അംഗങ്ങളായ കരിച്ചാലി പ്രേമൻ, മുഹമ്മദ് ഹനീഫ ഹാജി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.