ജെ.ഡി.ടി ഇസ്ലാം കോളജിൽ ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റി പ്രാദേശിക പഠന സഹായ കേന്ദ്രം

കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയുടെ പ്രാദേശിക പഠന സഹായ കേന്ദ്രം (ലേണർ സപ്പോർട്ട് സെന്‍റർ) കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്ട്സ് ആന്‍ഡ് സയന്‍സില്‍ പ്രവർത്തനം ആരംഭിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ജെ.ഡി.ടി പ്രസിഡന്‍റ് ഡോ. പി.സി. അന്‍വർ അധ്യക്ഷത വഹിച്ചു. സർവകലാശാലാ വൈസ് ചാന്‍സലർ പ്രഫ. ഡോ. ജഗതി രാജ് മുഖ്യ പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. വി.പി. പ്രശാന്ത്, രജിസ്ട്രാർ ഡോ. എ.പി. സുനിത, റീജനല്‍ സെന്‍റർ ഡയറക്ടർ ഡോ. കെ.എം. പ്രദീപ് കുമാർ, ജെ.ഡി.ടി ഭരണസമിതി അംഗം ബീരാന്‍കുട്ടി, നഴ്സിങ് കോളജ് പ്രിന്‍സിപ്പൽ സുനിത പി.സി., ഭാഷാ വിഭാഗം മേധാവി ടി. ഷാജി എന്നിവർ സംസാരിച്ചു. ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പൽ ഡോ. ടി.കെ. മഖ്ബൂല്‍ സ്വാഗതവും സെന്‍റർ കോഓർഡിനേറ്റർ രമേശ്‍ എന്‍. നന്ദിയും പറഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ലേണർ സപ്പോട്ട് സെറന്‍ററുകളുമായി സർവകലാശാല ധാരണാപത്രം ഒപ്പവെച്ചു. യോഗ്യതയുള്ള ആർക്കും പ്രായ പരിധിയില്ലാതെ ബിരുദ, ബിരുദാനന്തര ബിരുദം നേടുന്നതിനുള്ള സൗകര്യമാണ് ശ്രീനാരാണഗുരു ഓപ്പണ്‍ സർവകലാശാല, പ്രാദേശിക പഠന സഹായ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്. ജെ.ഡി.ടി ഇസ്ലാം ആർട്ടസ് ആന്‍ഡ് സയന്‍സ് കോളജിലെ സർവകലാശാലാ പ്രാദേശിക പഠന സഹായ കേന്ദ്രത്തില്‍ - ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്ക്, സംസ്കൃതം എന്നീ വിഷയങ്ങളിലെ ബിരുദ, ബരുദാനാന്തര ബിരുദ കോഴ്സുകളും, അഫ്സലുല്‍ ഉലമ, കോമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, സോഷ്യോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലെ ബിരുദ കോഴ്സുകളും പഠിക്കുന്നതിനുള്ള സൗകര്യമാണ് ഉണ്ടാവുക.

സർവകലാശാലയുടെ വെബ്സൈറ്റ് പോർട്ടല്‍ വഴി ഓണ്‍ലൈനായാണ് കോഴ്സുകളുടെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടക്കേണ്ടതും. കോഴ്സുകളുടെ ജൂലൈ സെഷനിലെ പ്രവേശനം സെപ്റ്റംർ 10ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ജെ.ഡി.ടി കോളജിലെ പ്രാദേശിക പഠന സഹായ കേന്ദ്രത്തില്‍ ആഗസ്റ്റ് 22 മുതല്‍ 28 വരെ പ്രവേശന നടപടികളില്‍ പ്രത്യേക സഹായ കേന്ദ്രം പ്രവർത്തിക്കും. ഫോൺ: 9447446073

Tags:    
News Summary - Sree Narayana Guru Open University Local Study Support Center at JDT Islam College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.