പുക വന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞ് പോകുന്ന രോഗി
ഫോട്ടോ: ബിമൽ തമ്പി
കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാംനിലയിലെ ഒ.ടി ബ്ലോക്കിൽ നിന്നാണ് പുക ഉയർന്നത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിൽ തന്നെയാണ് വീണ്ടും പുകയുയർന്നിരിക്കുന്നത്. ഇതോടെ രോഗികളെ നാലാംനിലയിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
സംഭവസമയത്ത് രോഗികളുണ്ടായിരുന്നില്ല എന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വാദം. എന്നാൽ രോഗികളുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഫയർഫോഴ്സ് എത്തി പുക ശമിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെയാണ് പുകയുയർന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളജിൽ പുക പടർന്നിരുന്നു. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
സംഭവസമയത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് പുക ശ്വസിച്ചത് മൂലമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിന്നീട് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.