കോഴിക്കോട്: നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ പിടികൂടാൻ രാത്രി പ്രത്യേക ഓപറേഷനുമായി ജില്ല ഭരണകൂടം. കെ.എസ്.ആർ.ടി.സി ടെർമിനൽ, മൊഫ്യൂസൽ ബസ്സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ഉറങ്ങിക്കിടന്നവരെയാണ് ഡെപ്യൂട്ടി കലക്ടർ ടി. അനിത കുമാരിയുടെ നേതൃത്വത്തിൽ പൊക്കിയത്. ജില്ല ഭരണകൂടം നടത്തുന്ന വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിന് സമീപമുള്ള 'ഉദയം'പുവർ ഹോമിലേക്ക് ഇവരെ മാറ്റി.
വെള്ളിയാഴ്ച രാത്രി 11ഓടെ കെ.എസ്.ആർ.ടി.സി ടെർമിനലിലായിരുന്നു ആദ്യം ഒഴിപ്പിക്കാനെത്തിയത്. ടെർമിനലിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്ഥിരമായി കിടന്നുറങ്ങുന്നവർ പൊലീസ് തട്ടിവിളിച്ചത് കേട്ടാണ് ഉണർന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതലും. മദ്യലഹരിയിലായിരുന്ന ചിലർ പൊലീസുമായി തട്ടിക്കയറി. ചിലർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ള 20ലേറെ പേർ അനുസരണയോടെ വണ്ടിയിൽ കയറി. ഇവരെ വെള്ളയിൽ എത്തിക്കാനായി കെ.എസ്.ആർ.ടി.സി ബസും ഏർപ്പാടാക്കിയിരുന്നു.
ബസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് ബലംപ്രയോഗിച്ച് തിരിച്ചുകയറ്റി. പിന്നീട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നുള്ളവരെയും ബസിൽ കയറ്റി.
50 പേർക്ക് താമസിക്കാനുള്ള സൗകര്യം വെള്ളയിൽ 'ഉദയ'ത്തിലുണ്ടെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. സ്പെഷ്യൽ ഓഫിസർ ഡോ. രാജേഷും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിൽ താമസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും അധികൃതർ പറഞ്ഞു. കോവിഡ് ഒന്നാംതരംഗത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് 'ഉദയം'എന്ന പേരിലുള്ള പുനരധിവാസ പദ്ധതി തുടങ്ങിയത്.
അന്നത്തെ ജില്ല കലക്ടറായിരുന്ന എസ്. സാംബശിവ റാവുവായിരുന്നു ശ്രദ്ധേയമായ ഈ പദ്ധതി തുടങ്ങിയത്. 'തെരുവുജീവിതങ്ങൾ ഇല്ലാത്ത കോഴിക്കോട്' എന്ന ആശയത്തിലുള്ള പദ്ധതിയിൽ ആയിരത്തിലേറെ പേരെ പുനരധിവസിപ്പിച്ചു. ചേവായൂരും വെള്ളിമാട്കുന്നിലും മാങ്കാവിലുമാണ് വെള്ളയിലിന് പുറമെ ഉദയം ഹോമുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.