രണ്ടാം വാർഡിനു പിറകിൽ കക്കൂസ് മാലിന്യം തളംകെട്ടിനിൽക്കുന്നു , രണ്ടാം വാർഡിനു പിറകിൽ കക്കൂസ് മാലിന്യ സംഭരണ നിറഞ്ഞൊഴുകുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ശുചിമുറി മാലിന്യ പ്ലാന്റുകൾ സ്ഥാപിച്ചെങ്കിലും മൂക്കുപൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ് ആശുപത്രി പരിസരം. പല ഭാഗങ്ങളിലും കക്കൂസ് മാലിന്യം പരന്നൊഴുകുകയാണ്. ഡ്രൈനേജ് നിറഞ്ഞു റോഡിലേക്ക് പരന്നൊഴുകുന്നതും കാണാം. ശുചിമുറി മാലിന്യങ്ങൾ പുറത്ത് പരന്നൊഴുകുന്നത് ഒ.പിയിലും വാർഡുകളിലും ചികിത്സക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരു പോലെ ദുരിതമാണ്. ആശുപത്രിയുടെ രണ്ടാം വാർഡിന് പിറകിൽ കക്കൂസ് മാലിന്യം സംഭരണികളിലേക്ക് തിരിച്ചുവിടാതെ പൈപ്പിൽനിന്ന് നിലത്തേക്കൊഴുകി തളംകെട്ടിനിൽക്കുന്നു. മാനസികാരോഗ്യ വിഭാഗം ഒ.പിയുടെ എതിർവശത്തും മെഡിസിൻ ഒ.പിക്ക് സമീപവും സമാന സഹാചര്യമാണ്. ഒ.പി ബ്ലോക്കിനു മുന്നിൽ കാമ്പസിലേക്കുള്ള പ്രധാന റോഡിൽ ഓടനിറഞ്ഞ് മാലിനജലം തളംകെട്ടി നിൽക്കുന്നു. ഇത് ചികിത്സക്കെത്തുന്ന രോഗികൾക്ക് പുതിയ അസുഖങ്ങളുമായി മടങ്ങേണ്ട സാഹചര്യമുണ്ടാക്കും. മഴ പെയ്താൽ ഈ മാലിന്യങ്ങൾ ആശുപത്രി പരിസരമാകെ പരന്നൊഴുകും.
സീറോ വെയ്സ്റ്റ് മെഡിക്കൽ കോളജ് എന്ന പദ്ധതിയിലാണ് കാമ്പസിൽ സ്വപ്റ്റേജ് ട്രീറ്റ് മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചത്. രണ്ടു പ്ലാന്റുകൾക്കായി 14 കോടി ചെലവഴിച്ചു. എന്നാൽ ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങൾ പൂർണമായും പ്ലാന്റിലെത്തിക്കാൻ ഇതിൽ ഫണ്ട് വകയിരുത്തിയിരുന്നില്ല. എന്നാൽ, എല്ലാ കെട്ടിടങ്ങളോടനുബന്ധിച്ചും മാലിന്യം എത്തിക്കാൻ മാൻഹോളുകൾ നിർമിച്ച് പ്ലാന്റുമായി ബന്ധിപ്പിച്ച് പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. മാൻഹോളുകളിലേക്ക് മെഡിക്കൽ കോളജ് ആശുപത്രി അടക്കമുള്ള കെട്ടിടങ്ങളിൽനിന്ന് മാലിന്യമെത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിച്ചാലേ മാലിന്യസംസ്കരണം ഫലപ്രദമാകൂ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യം നിലത്ത് പരന്നൊഴുകുമ്പോഴാണ് പുറത്തുനിന്നുള്ള മാലിന്യം കാമ്പസിലെത്തിച്ച് സംസ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.