കോഴിക്കോട്: സ്റ്റീൽ കോംപ്ലക്സ് പൊതുമേഖലയിൽ തന്നെ നിലനിർത്താൻ തൊഴിലാളികളുടെ സംയുക്ത സമരസമിതി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പലേറ്റ് അതോറിറ്റിയിൽ അപ്പീൽ നൽകും. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സുപ്രീംകോടതി വരെ പോകാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം, വിരമിച്ച ജീവനക്കാർക്ക് നിയമപ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ അപ്പീൽ നൽകുന്നത്.
സ്റ്റീൽ കോംപ്ലക്സ് ഛത്തിസ്ഗഢിലെ കമ്പനി ഏറ്റെടുക്കുന്നതുമായുള്ള കരാറിൽ തൊഴിലാളികൾക്ക് ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്ത് പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന ഏക ഇരുമ്പുരുക്കു നിർമാണശാല നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കോടതി വിധിയിലൂടെ ഛത്തിസ്ഗഢ് വർക്കിങ് സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 29.6 കോടി രൂപക്ക് വിൽപന നടത്തിയത് പുനഃപരിശോധിക്കണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു.
കമ്പനിയിൽനിന്ന് പിരിഞ്ഞവരുടെയും നിലവിലുള്ള ജീവനക്കാരുടെയും ഗ്രാറ്റ്വിറ്റിയടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നും സർവിസിലുള്ളവരുടെ ജോലി സംരക്ഷിക്കണമെന്നും സ്റ്റീൽ കോംപ്ലക്സ് റിട്ട. എംപ്ലോയീസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടിരുന്നു.
കമ്പനി ലോണെടുത്ത 45 കോടി രൂപയടക്കം 118 കോടിക്കുവേണ്ടി കേസ് കൊടുത്ത കനറാ ബാങ്കിനു വെറും 25.01 കോടി മാത്രമാണ് കിട്ടുന്നത്. ഈ തുകയുടെ നാലിലൊന്നുമാത്രം കേരള സർക്കാർ കനറാ ബാങ്കിന് നൽകാൻ തയാറായാൽ വിൽപന കൈമാറ്റം ഇല്ലാതാക്കി സ്വത്ത് കേരള സർക്കാറിന്റേതാക്കി മാറ്റാൻ കഴിയുമെന്ന് ഇവർ പറയുന്നു. കമ്പനി ലോ ട്രൈബ്യൂണലിന്റെ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി യോഗവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.