കോഴിക്കോട്: രാജ്യത്തെ തുറമുഖങ്ങളുടെയും അനുബന്ധ മേഖലകളുടെയും വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്രസർക്കാറിന്റെ സാഗർമാല പദ്ധതിയിൽനിന്ന് സാമ്പത്തിക സഹായങ്ങൾക്ക് കേരള സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് ജലപാത മന്ത്രി സർബാനന്ദ സൊനോവാൾ.
ബേപ്പൂർ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ഡ്രഡ്ജിങ്, റോഡ്, റെയിൽ പദ്ധതികൾ, മത്സ്യ തുറമുഖങ്ങൾ, തീരദേശ സമൂഹ വികസനം, നൈപുണ്യ വികസന പദ്ധതികൾ, ക്രൂയിസ് ടെർമിനൽ നിർമാണം ഉൾപ്പെടെയുള്ളവയാണ് സാഗർമാല പദ്ധതി മുഖേന സാധ്യമാക്കുക.
ഇതിനായി പദ്ധതി സഹിതം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ സമീപിക്കണം. എന്നാൽ പൗരാണിക കാലം മുതൽ ചരക്കുനീക്കങ്ങൾക്ക് പേരുകേട്ട മലബാറിലെ തന്നെ പ്രമുഖ തുറമുഖമായ ബേപ്പൂരിന്റെ വികസനത്തിന് സാഗർമാല പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സാഗർമാല പദ്ധതിയിലൂടെ മലബാറിലെ സുപ്രധാന തുറമുഖമായ ബേപ്പൂരിന്റെ വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി കേന്ദ്ര സർക്കാറിനെ സമീപിക്കണമെന്ന് എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.