നന്മണ്ട-നരിക്കുനി പാതക്കിടയിൽ കാരക്കുന്നത്ത് അങ്ങാടിയിൽ അപകടഭീഷണിയായ മരം
നന്മണ്ട: നന്മണ്ട-നരിക്കുനി പാതയ്ക്കിടയിലെ കാരക്കുന്നത്ത് അങ്ങാടിയിൽ തണൽമരം അപകട ഭീഷണിയാവുന്നു. അങ്ങാടിയോട് ചേർന്നുള്ള തോടിന്റെ കരയിലുള്ള വലിയ ചീനി മരമാണ് അപകട ഭീഷണി ഉയർത്തുന്നത്. മരത്തിന്റെ വേരുകൾ ഇറങ്ങി തോടിന്റെ ഭിത്തിയും തകർച്ചയിലാണ്. കാറ്റും, മഴയും ശക്തമായാൽ ഈ വലിയ തണൽ മരം നിലംപൊത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഒട്ടേറെ കടകളും വൈദ്യുതി ലൈനുകളും ഈ ഭാഗത്തായുണ്ട്. മരം കടപുഴകിയാൽ അങ്ങാടിയിൽ കനത്ത നാശനഷ്ടം ഉണ്ടാകും.
മരത്തിന് സമീപത്തായി ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് കടന്നുപോകുന്നുണ്ട്. അങ്ങാടിയിലെ പാലവും കുടിവെള്ള പൈപ്പും കച്ചവട സ്ഥാപനങ്ങളും എല്ലാം അപകട ഭീതിയിൽ തന്നെയാണ്. ഇതു സംബന്ധിച്ച് മുമ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. തോടിന്റെ ഭിത്തികൂടി തകരുന്ന സാഹചര്യത്തിൽ മരം മുറിച്ചു മാറ്റാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.