കല്ലായിപ്പുഴ
കോഴിക്കോട്: കല്ലായിപ്പുഴയിൽ ചളിനീക്കി ഒഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തിക്ക് തയാറായി രണ്ടു കരാറുകാർ. ശനിയാഴ്ചയാണ് ടെൻഡർ തുറന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നുള്ള കെ.വി. സൂരജ് കുമാർ, തൃശൂരിൽനിന്നുള്ള ഫിൻസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് സന്നദ്ധത അറിയിച്ചത്. ഇവരിൽനിന്ന് രേഖകളും മറ്റും വാങ്ങി മുൻപരിചയമടക്കം വിലയിരുത്തി ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച ശേഷമേ അന്തിമ കരാർ നൽകൂ. ഈ വർഷം തന്നെ ചളിനീക്കൽ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
ടെൻഡർ നടപടിക്ക് മുമ്പായുള്ള, പരിസ്ഥിതി ആഘാത പ്രശ്നങ്ങളെപ്പറ്റിയുള്ള പഠനം പൂർത്തിയായിരുന്നു. സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ.പി.എസ്. ഹരികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പഠനം. നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തുന്ന ഒഴുക്കില്ലായ്മയും തടസ്സവും നീക്കാൻ കല്ലായിപ്പുഴയും അഴിമുഖവും ചളിനീക്കി ആഴം കൂട്ടുന്നതാണ് പദ്ധതി. വിവിധ ഘട്ടങ്ങളിലായി പുഴയിൽനിന്ന് സാമ്പിളുകൾ എടുത്തായിരുന്നു പരിശോധന.
നഗരത്തിൽ വലിയ പ്രളയമുണ്ടായപ്പോൾ, പുഴയിലെ ഒഴുക്ക് നിലച്ചതാണ് മുഖ്യകാരണങ്ങളിലൊന്നെന്ന് കണ്ടെത്തിയിരുന്നു. 12 വർഷം മുമ്പ് 4.9 കോടി റിവർ മാനേജ്മെൻറ് ഫണ്ടിൽനിന്ന് പുഴ നവീകരണ പ്രവൃത്തിക്ക് മാറ്റിവെച്ചിരുന്നു. ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ടുവർഷത്തിനകം കോർപറേഷൻ ആരോഗ്യ വിഭാഗവും ഇറിഗേഷനും ചേർന്ന് പുഴ വൃത്തിയാക്കാനാണ് പുതിയ പദ്ധതി. കോർപറേഷൻ 7.9 കോടി രൂപ ഇതിനുവേണ്ടി ഇറിഗേഷൻ വകുപ്പിന് നേരത്തേ കൈമാറിയിട്ടുണ്ട്. പദ്ധതി നടപ്പാക്കേണ്ട ചുമതല ഇറിഗേഷൻ വകുപ്പിനാണ്. കടുപ്പിനി മുതല്‍ കോതി വരെ 4.2 കിലോമീറ്റര്‍ ആഴം കൂട്ടി ഒഴുക്കുകൂട്ടാനാണ് പദ്ധതി.
കോഴിക്കോട്: ജലസ്രോതസ്സുകളായ പുഴയും തീരവും കൈയേറിയും മണ്ണിട്ട് നികത്തിയും മാലിന്യം തള്ളിയും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്നതുകാരണം ജില്ല ഭയാനകമായ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് വിവിധ പുഴ സംരക്ഷണ സമിതികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ല പുഴ സംരക്ഷണ ഏകോപന സമിതി യോഗം മുന്നറിയിപ്പ് നൽകി.
പുഴകൾ ഒഴുകിയിരുന്ന സ്ഥലങ്ങൾ ഒരോ വർഷംതോറും കൈയേറി പുഴതന്നെ ഇല്ലാതായിട്ടും റവന്യൂ, ഇറിഗേഷൻ വകുപ്പോ കോർപറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് അധികാരികളോ നിയമനടപടി സ്വീകരിക്കാത്തതും, കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് സർവേ നടപടികൾക്ക് തീരുമാനമെടുത്തിട്ടും ആരംഭിക്കാത്തതും സ്വകാര്യ വ്യക്തികൾക്ക് പുഴകൾ വീണ്ടും കൈയേറാനുള്ള പ്രചോദനമാവുകയാണെന്നും ഏകോപനസമിതി യോഗം ആരോപിച്ചു.
ജില്ലയിൽ കല്ലായിപ്പുഴ, മാമ്പുഴ, കോരപ്പുഴ, പൂനൂർപുഴ, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ പുഴകളിലും പുഴതീരങ്ങളിലും വൻ കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. വർഷകാലം ആരംഭിക്കുന്നതിനുമുമ്പ് പെയ്ത മഴയിലെ വെള്ളംപോലും ഒഴുകിപ്പോകാൻ കഴിയാതെ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം അധികാരികൾ ഗൗരവമായി ഉൾക്കൊണ്ട്, മാലിന്യം തള്ളുന്നതിനും പുഴ കൈയേറ്റം തടയുന്നതിനും സർവേ നടത്തി, പുഴ സംരക്ഷണത്തിന് ജില്ലതലത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പുഴകളുടെ സംരക്ഷണത്തിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കനോലി കനാലിന്റെ തീരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, എം.സി. സുധീഷ്, എസ്.കെ. കുഞ്ഞിമോൻ, പ്രദീമ്പ് മാമ്പറ്റ, പി.പി. ഉമ്മർകോയ, കെ.കെ. മുഹമ്മദ്, അനൂപ് അർജുൻ, എം. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.