അഡ്വ. കെ. ജയന്ത് എം.എൽ.എ, മുഹമ്മദ് ശരീഫ് മാട്ടിൽ, സുബൈർ വാഴക്കാട്, പി.എം. സാലിഹ്
കോഴിക്കോട്: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് മാറ്റുകൂട്ടി ‘മാധ്യമ’വും മിഫ്രണ്ട് ഇവന്റ്സും ചേർന്ന് സംഘടിപ്പിക്കുന്ന സോക്കർ കാർണിവൽ ലുലു മാളിൽ ഇന്നാരംഭിക്കും. ഫൈനൽ ദിനം വരെ 23 ദിവസം നീണ്ടുനിൽക്കുന്ന കാർണിവൽ ഫുട്ബാൾ സ്നേഹികളിൽ ഏറെ ആവേശം വിതറും. ഷൂട്ടൗട്ട്, ഫുട്ബാൾ ക്വിസ്, ബാൾ ജഗ്ലിങ്, ഐഡന്റിഫൈ പ്ലെയർ, ഫ്രീസ്റ്റൈൽ ഫുട്ബാൾ തുടങ്ങി വിവിധ മത്സരങ്ങളുണ്ടാകും. മത്സര വിജയികൾക്ക് സ്പോട്ട് പ്രൈസ് നൽകും.
ഇന്നു വൈകീട്ട് ആറിന് ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ സോക്കർ കാർണിവൽ ഉദ്ഘാടനം ചെയ്യും. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, ലുലു ഗ്രൂപ് റീജിനൽ ഡയറക്ടർ മുഹമ്മദ് ശരീഫ് മാട്ടിൽ എന്നിവർ പങ്കെടുക്കും. ഫുട്ബാൾ വിശകലനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ സുബൈർ വാഴക്കാട് മുഖ്യാതിഥിയായി കാണികളുമായി സംവദിക്കും.
വിവിധ ദിവസങ്ങളിലായി കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്ന കാർണിവലിൽ, വ്യത്യസ്ത ടീമുകളുടെ ഫാൻസിനായി പ്രത്യേക മത്സരങ്ങളുമുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. വോക്സ് വാഗൺ, ലുലു മാൾ, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.