പ്രതീകാത്മക ചിത്രം
താമരശ്ശേരി: 10ാം ക്ലാസ് വിദ്യാർഥിയുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടിപ്പോയി. ബാഗിനുള്ളിൽ അര ലിറ്റർ വ്യാജമദ്യം! മലയോരത്തെ പൊതുവിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിയുടെ ബാഗിൽനിന്നാണ് അധ്യാപകർ ചാരായം കണ്ടെടുത്തത്. ചോദ്യംചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് ബാഗിൽ ഇത് വെച്ചതെന്ന് മൊഴി നൽകി.
ഒരുഎസ്.എസ്.എൽ.സി വിദ്യാർഥി സ്കൂളിലേക്ക് വ്യാജമദ്യം കൊണ്ടുവരുന്നതായി ഒരു അധ്യാപിക സംശയം പ്രകടിപ്പിച്ചിരുന്നു. ഈ കൂട്ടി മൂന്നു തവണയായി സ്കൂളിലേക്ക് വ്യാജമദ്യം കൊണ്ടുവന്നെന്നും ആറോളം വിദ്യാർഥികൾ അത് ഉപയോഗിച്ചെന്നും രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഈ കുട്ടി പുറത്തുപോയ സമയത്ത് അധ്യാപകർ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്.
രണ്ട് വിദ്യാർഥികളെയും ചോദ്യംചെയ്തപ്പോൾ ചമൽ കേളൻമൂല സ്വദേശി പൂവൻമല രമേശ് (40) എന്നയാളാണ് ചാരായം നൽകിയതെന്ന് വ്യക്തമായി. ഇയാളുടെ വീടിനും സമീപത്തും താമരശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ 28 ലിറ്റർ വരുന്ന അരലിറ്ററിന്റെ 56 ബോട്ടിൽ ചാരായവും റബ്ബർത്തോട്ടത്തിൽനിന്ന് 28 ലിറ്റർ ചാരായവും പൊലീസ് പിടികൂടി.
താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കട്ടിപ്പാറ ചമൽ കേളൻമൂലയിലെ റബ്ബർത്തോട്ടത്തിൽനിന്നാണ് രണ്ടു ചാക്കുകളിലായി സൂക്ഷിച്ച ചാരായം പിടിച്ചെടുത്തത്. അനധികൃതമായി വ്യാജമദ്യം കൈവശംവെച്ചതിനും കൈകാര്യംചെയ്തതിനും മദ്യം സ്കൂളിലേക്കു കൊണ്ടുവന്ന കുട്ടിയെയും അത് ബാഗിൽ സൂക്ഷിച്ച കുട്ടിയെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.
രമേശനെതിരേ അബ്‌കാരി ആക്ട് പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള റബ്ബർത്തോട്ടത്തിൽ വെച്ചാണ് ചാരായം കണ്ടെത്തിയത്. മറ്റ് സ്ഥലത്തുനിന്ന് വ്യാജമദ്യം ഉത്പാദിപ്പിച്ചശേഷം ഇവിടെ ശേഖരിക്കുകയായിരുന്നു. ഇയാൾ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
പ്രിൻസിപ്പൽ എസ്.ഐ. ഗൗതം ഹരി, എസ്.ഐമാരായ വി.കെ. റസാഖ്, പി.പി. മുഹമ്മദ് ആഷിഖ്, ബിൻസ് ജോസഫ്, എ.എസ്.ഐ.മാരായ ശ്രീജിത്ത്, ഷൈനി, എസ്.സി.പി.ഒ. ശ്രീലേഷ്, സി.പി.ഒ. സാബു, ഡബ്ല്യു.സി.പി.ഒ. അമ്പിളി രത്ന, ജംഷീന എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തി ചാരായം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.