പൊളിച്ചുമാറ്റുന്ന രാമനാട്ടുകര ഷോപ്പിങ് കോംപ്ലക്സ്
രാമനാട്ടുകര: ജീർണാവസ്ഥയിലാണെന്ന് എൻജിയറിങ്ങ് വിഭാഗം റിപ്പോർട്ട് ചെയ്ത രാമനാട്ടുകര നഗരസഭ ഷോപ്പിങ്ങ് കോംപ്ലക്സ് ഒന്നര മാസത്തിനകം പൊളിച്ചു നീക്കും. പരിശോധനയിൽ അപകടനിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടം പൊളിച്ചു നീക്കാനുള്ള ടെൻഡർ നടപടിക്രമങ്ങൾ നടത്താൻ അനുമതി തേടി ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപെട്ടതായി അധികൃതർ അറിയിച്ചു.
കെട്ടിടം അപകടാവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് വ്യാപാരം നിർത്തി കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന ട്രിബൂണലിന്‍റെ വിധിയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നഗരസഭ സെക്രട്ടറി പുറത്തിറക്കി. കെട്ടിടത്തിൽ നിന്ന് പതിനഞ്ചു ദിവസത്തിനകം ഒഴിയണമെന്നുള്ള ട്രിബ്യൂണൽ വിധി ചോദ്യം ചെയ്തു കൊണ്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കേണ്ടത് ട്രിബ്യൂണൽ ആണെന്ന് പറഞ്ഞ് ഹർജി നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് വ്യാപാരം നിർത്തിവെച്ച് ഒന്നര മാസത്തിനകം കടകൾ ഒഴിഞ്ഞു കൊടുക്കണമെന്ന് ട്രിബൂണൽ ഉത്തരവിറക്കി.
കെട്ടിടം പൊളിച്ചുമാറ്റുന്നതോടുകൂടി ആധുനിക രീതിയിലുള്ള ഷോപിങ്ങ് കോംപ്ലക്സ് നിർമിക്കാനാണ് നഗരസഭ പദ്ധതി തയാറാക്കുന്നതെന്ന് ചെയർപേഴ്സൻ കല്ലട മുഹമ്മദാലി അറിയിച്ചു. ഡി.പി.ആർ നടപടി ക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യന്‍റേയും ജീവനാണ് പ്രധാനം. അതിനു വേണ്ടി സുരക്ഷയൊരുക്കുകയെന്ന ഉദ്യേശമാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷോപ്പിങ്ങ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നടപടി വേദനാജനകമാണ്. വർഷങ്ങളായി ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് ഇതിലൂടെ പ്രതിസന്ധിയിലാകുന്നത്. ഇവരെ പെരുവഴിയിലാക്കാതെ കൃത്യമായ പുനരധിവാസം ഉറപ്പാക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. അതിനുവേണ്ടിയുള്ള അടിയന്തര സംവിധാനങ്ങൾ നിർവഹിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് പ്രസിഡന്റ് പി.എം അജ്മൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.