വി.ഇ.ഒമാരുടെ കുറവ്; പദ്ധതി നിർവഹണം അവതാളത്തിൽ

കോഴിക്കോട്: അശാസ്ത്രീയമായ വകുപ്പ് സംയോജനത്തിന്റെ ഫലമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തിക അപ്രത്യക്ഷമായതോടെ ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതി നിർവഹണത്തിന് ആവശ്യമായ വി.ഇ.ഒ മാർ ഇല്ലാതായത് ഭരണം താളംതെറ്റിക്കുന്നു. തദ്ദേശവകുപ്പ് ഏകീകരണം വന്നതോടെ വി.ഇ.ഒ തസ്തിക ക്ലർക്ക് തസ്തികക്ക് തുല്യമാക്കുകയും വി.ഇ.ഒ നിയമനം നിർത്തലാക്കുകയും ചെയ്തിരുന്നു. നിലവിലുള്ള വി.ഇ.ഒമാർ പ്രമോഷനോ പെൻഷനോ ആകുന്ന മുറക്ക് ആ തസ്തികകൾ ഇല്ലാതാകും പകരം ക്ലർക്കുമാരെ ആ ജോലിക്ക് നിയോഗിക്കും എന്നുമാണ് വകുപ്പ് സംയോജനത്തിൽ പറഞ്ഞിരുന്നത്. ജോലി ബാഹുല്യം കാരണം ബുദ്ധിമുട്ടുന്ന വി.ഇ.ഒമാർ ഇന്‍റർ ട്രാൻസ് ഫറബിലിറ്റി ഉപയോഗിച്ച് ക്ലർക്കുമാരായി പോകാതിരിക്കാൻ ഈ വിഭാഗത്തിന് ആ സൗകര്യം നൽകിയതുമില്ല.

എന്നാൽ, ക്ലർക്കുമാർക്ക് വി.ഇ.ഒ തസ്തികയിലേക്ക് മാറിവരുന്നതിന് തടസ്സവുമില്ലായിരുന്നു. ഫീൽഡ് വർക്കും പദ്ധതി നിർവഹണവുമായി ജോലി ബാഹുല്യം ഏറെയുള്ള വി.ഇ.ഒയായി വരാൻ സമാധാനമായി ഓഫിസിലിരുന്ന് ജോലി ചെയ്തുവരുന്ന ഒരു ക്ലർക്കും തയാറായില്ല. കാരണം നിലവിലുള്ള വി.ഇ.ഒയുടെ ശമ്പള സ്കെയിൽ കൂടുതലും ക്ലർക്കിന്റെ ശമ്പള സ്കെയിൽ കുറവുമാണ്. സർക്കാർതന്നെ സൃഷ്ടിച്ച വിവേചനം മൂലം ചട്ടവിരുദ്ധ നടപടികൾക്കും കാരണമാകുകയാണ്. 20 വരെ വാർഡുകളുള്ള ഒരു ഗ്രാമ പഞ്ചായത്തിൽ രണ്ട് വി.ഇ.ഒമാരും 20 ൽ കൂടുതലുള്ള ഗ്രാമപഞ്ചായത്തിൽ മൂന്നു വി.ഇ.ഒമാരും വേണമെന്നിരിക്കെ ഇപ്പോൾ മിക്കവാറും പഞ്ചായത്തുകളിൽ ഒരു വി.ഇ.ഒ മാത്രമേയുള്ളു.

വടക്കൻ ജില്ലകളിൽ ഒന്നിലധികം പഞ്ചായത്തുകളുടെ ചുമതലയുള്ള വി.ഇ.ഒമാരും ഉണ്ട്. ഈ കുറവ് വ്യാപകമാകാതിരിക്കാൻ മുടന്തൻന്യായവാദങ്ങൾ നിരത്തി വി.ഇ.ഒമാരെ സീനിയർ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ആരോപണം. വി.ഇ.ഒ തസ്തിക നിർവഹണ ഉദ്യോഗസ്ഥനും ധനകാര്യ വകുപ്പ് ഉത്തരവ് പ്രകാരം ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസറാണ്. ഇവർക്ക് പദ്ധതിപണം ട്രഷറിയിൽ നിന്ന് മാറി ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയും. വി.ഇ.ഒമാർ സർവിസിൽ കയറിയാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിനായി ആറു മാസത്തെ പരിശീലനം കഴിഞ്ഞശേഷമാണ് ബ്ലോക്കുകളിൽ പ്രവേശിക്കുന്നത്.

Tags:    
News Summary - Shortage of VEOs Project implementation in a state of flux

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.