കണികുന്ന് സോമേശ്വരത്ത് മണ്ണെടുത്ത ഭാഗത്തുള്ള മഴവെള്ള ശേഖരം
തളിപ്പറമ്പ്: കുപ്പത്തുനിന്ന് ആരംഭിച്ച് കുറ്റിക്കോലിൽ അവസാനിക്കുന്ന പുതിയ ദേശീയപാത കടന്നുപോകുന്ന കണികുന്ന് സോമേശ്വരത്ത് മണ്ണെടുത്ത ഭാഗത്ത് വൻ മഴവെള്ള ശേഖരം, ആശങ്ക.രണ്ടേക്കറിലേറെ വിസ്തൃതിയിൽ പത്തു മീറ്ററിലേറെ ആഴത്തിലാണ് കുറ്റൻ മഴവെള്ള ശേഖരമുള്ളത്.
മഞ്ചക്കുന്ന് നെടുകെ പിളർന്ന് മണ്ണിടിച്ചു നീക്കിയാണ് ഇതുവഴി ബൈപ്പാസ് കടന്നുപോകുന്നത്. കഴിഞ്ഞ മഴക്കാലത്ത് ചെറിയ രീതിയിൽ വെള്ളം കെട്ടിനിന്നിരുന്നെങ്കിലും ഈ വർഷം മഴ ശക്തമാകുന്നതിന് മുമ്പായി ഇവിടെനിന്ന് വലിയ രീതിയിൽ മണ്ണു നീക്കിയതോടെയുണ്ടായ കുഴി കൂറ്റൻ ജല സംഭരണിയായി മാറുകയായിരുന്നു. നാൽപതിലേറെ കുടുംബങ്ങൾ താമസിക്കുന്ന കണികുന്നിനും മഴവെള്ള സംഭരണിക്കുമിടയിൽ കണികുന്നിൽ നിന്നും പുളിമ്പറമ്പിലേക്കുള്ള റോഡ് മാത്രമാണുള്ളത്.
പശിമയുള്ള ഉറപ്പില്ലാത്ത മണ്ണ് കനത്ത മഴയിൽ ഇളകുവാനിടയായാൻ പ്രദേശത്തെ വീടുകൾ മുഴുവൻ നശിക്കുകയും ആളുകൾ അപകടത്തിൽപെടുകയും ചെയ്യും. പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ വെള്ളം ഒഴുക്കിവിടാൻ തുടങ്ങിയെങ്കിലും ബുധനാഴ്ച വൈകുന്നേരമായിട്ടും വെള്ളത്തിന്റെ അളവിൽ കുറവുണ്ടായിട്ടില്ല. വലിയ രീതിയിൽ വെള്ളം തുറന്നു വിട്ടാൽ താഴെ ഭാഗത്തുള്ള വീടുകൾക്കും ക്ഷേത്രക്കുളത്തിനും ഭീഷണിയാണ്. വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ഇടപെട്ട് ബദൽ സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.