വടകര: വൈദ്യുതി ബിൽ അടക്കാത്തതിനാൽ മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. വൈദ്യുതി നിലച്ചതോടെ സിവിൽ സ്റ്റേഷനിലെ 24 ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി.
വെള്ളിയാഴ്ച രാവിലെയാണ് അധികൃതർ കുടിശ്ശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചത്. മാസാവസാനം സിവിൽ സപ്ലൈസ് അധികൃതർക്ക് റേഷൻ കടക്കാരുടെ അലോട്ട്മെന്റ് ഉൾപ്പെടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
വൈദ്യുതി നിലച്ചതോടെ ഈ പ്രവർത്തനം നിലച്ചു. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകാതായതോടെ മറ്റ് ഓഫിസുകളും നിശ്ചലമായി. സിവിൽ സ്റ്റേഷനിൽ 24 ഓഫിസുകൾക്കും ഒരു വൈദ്യുതി മീറ്ററാണ്. ഓരോ ഓഫിസിനും നിശ്ചിത തുക നിശ്ചയിച്ച് ഇവരിൽനിന്ന് വാങ്ങി താലൂക്ക് ഓഫിസ് മുഖേന വൈദ്യുതി ബിൽ അടക്കാറാണ് പതിവ്. കൃത്യമായി പല ഓഫിസും ബിൽ തുക താലൂക്കിൽ ഏൽപിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
കഴിഞ്ഞ മാസത്തെ ബിൽ അടക്കാൻ ലേബർ, ഫോറസ്റ്റ്, എക്സൈസ് ഡിപ്പാർട്മെന്റുകൾ വൈമുഖ്യം കാണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. മുമ്പ് പല പ്രാവശ്യം വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫിസുകൾക്കും പ്രത്യേകം മീറ്റർ ഘടിപ്പിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാവൂ. കെട്ടിടം പൂർണമായും വൈദ്യുതീകരിച്ച് പുതിയ മീറ്റർ സ്ഥാപിക്കാൻ 2019ൽ 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം തയാറാക്കിയിരുന്നു.
പക്ഷേ, ഇത് ലാഭകരമാണോയെന്ന് പരിശോധിക്കാനാണ് സർക്കാർ നിർദേശം നൽകിയത്. മൂന്നു നിലയിൽ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഓരോ നിലയിലും പ്രവർത്തിക്കുന്ന ഓഫിസുകൾക്ക് ഒറ്റ മീറ്ററോ സോളാർ പാനലോ സ്ഥാപിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.