ഇഖ്റ ആശുപത്രിക്കു മുന്നിലും മലാപ്പറമ്പ് ജങ്ഷനിലും തകർന്ന റോഡുകൾ
കോഴിക്കോട്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡിൽ ജീവനെടുക്കും കുഴികൾ. ഇഖ്റ ആശുപത്രി കവാടത്തിന് മുന്നിലും മലാപ്പറമ്പ് ജങ്ഷനിലുമുള്ള കുഴികൾ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ആശുപത്രിക്ക് മുന്നിൽ ഗർത്തമായി മാറിയ കുഴി ഇരുചക്രവാഹനങ്ങൾക്കാണ് ഏറ്റവും ഭീഷണി. ഇവിടെ രാത്രി വെളിച്ചമില്ല. മഴ കനത്തതോടെ കുഴി വലുതായി. നിരവധി വാഹനാപകടങ്ങൾ നടന്ന മേഖലയാണിത്. തിരക്കുള്ള ആശുപത്രിയിലേക്ക് ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ഈ കുഴി താണ്ടണം.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവാണ്. കുഴിയടക്കാൻ അധികൃതർ അമാന്തം കാണിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്വാറിപ്പൊടിയെങ്കിലുമിട്ട് കുഴിയടച്ചില്ലെങ്കിൽ വൻവില കൊടുക്കേണ്ടിവരും. മലാപ്പറമ്പ്-ഫ്ലോറിക്കൽ റോഡ് ജങ്ഷന് സമീപവും ഇതുതന്നെയാണ് അവസ്ഥ. ഇറക്കത്തിൽ സ്ഥിരം കുഴിയുണ്ട്. ഇവിടെയും കൂടുതൽ ഭീഷണി ഇരുചക്രവാഹനങ്ങൾക്കാണ്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വികസന പ്രവൃത്തി ആരംഭിച്ചതിനാൽ ഈ റൂട്ടിൽ ഗതാഗതം ദുഷ്കരമായിട്ടുണ്ട്. രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടയിൽ കുഴികൾ കൂടിയാവുമ്പോൾ യാത്രക്കാർക്ക് ഇരട്ട ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.