കോഴിക്കോട്: അക്രമം തടയാൻ ശ്രമിക്കവേ മർദനമേറ്റ വ്യാപാരി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ വേറിട്ട പ്രതിഷേധം. പൂവാട്ടുപറമ്പിലെ പലചരക്ക് വ്യാപാരി ചെമ്പക്കോട്ട് ബിജുവാണ് സ്ടെച്ചറിൽ കിടന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഏപ്രിൽ 13ന് വിഷു തലേന്ന് രാത്രി കടപൂട്ടി ബിജു വീട്ടിലേക്ക് പോകുമ്പോൾ പൂവാട്ടുപറമ്പ് ടൗൺ പള്ളിക്ക് സമീപത്ത് ആൾ കൂട്ടം യുവാവിനെ ആക്രമിക്കുന്നത് കണ്ടു.
യുവാവിനെ രക്ഷിക്കാൻ ഇടപെട്ടതോടെ ആൾക്കൂട്ടം ബിജുവിനെതിരെ തിരിയുകയും കാലിന് അടിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോൾ കാലിന് കടുത്ത വേദന ഉണ്ടായതോടെ ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് കാലിന് പൊട്ടലുണ്ടെന്നും പ്ലാസ്റ്ററിട്ട് ഒന്നരമാസം വിശ്രമിക്കണമെന്നും ഡോക്ടർ നിർദേശിച്ചത്. തുടർന്ന് പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമം തുടങ്ങി. ഇതിനിടെ തന്നെ മർദിച്ചവർക്കെതിരെ പരാതി തയാറാക്കി ഏപ്രിൽ 20ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കേസെടുക്കാൻ തയാറായില്ല.
പരാതിക്കാരൻ നേരിട്ടുവരാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസുകാർ പറഞ്ഞത്. തുടർന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം ഷൈപു അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ട് എസ്.എച്ച്.ഒയോട് സംസാരിച്ചപ്പോഴും എഫ്.ഐ.ആർ ഇടാൻ തയാറാവാതെ പൊലീസ് പരാതി വെച്ച് താമസിപ്പിക്കുകയായിരുന്നു.
തുടർന്നാണ് കാലിന് പരിക്കേറ്റ ബിജുവിനെ സി.പി.എം പ്രവർത്തകർ അടക്കമുള്ളവർ ചേർന്ന് ബുധനാഴ്ച ആംബലൻസിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പരാതിയിൽ കേസെടുക്കാത്തതിനെ ചൊല്ലി ചെറിയ വാക്പോരും പൊലീസുകാരും പരാതിക്കാരും തമ്മിൽ ഉണ്ടാവുകയും ചെയ്തു. തുടർന്ന് അസി. കമീഷണർ എ. ഉമേഷ് ഇടപെട്ട് പരാതിക്കാരുമായി സംസാരിച്ച് കേസെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വൈകീട്ടോടെ പൊലീസ് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.