ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിക്കുന്ന സംഘം പിടിയിൽ

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര രജീഷ്, മൂടാടി ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് (കാവൽ) ചേർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മോഷണം പതിവായ സാഹചര്യത്തിൽ സിറ്റി പൊലീസ് കമീഷണർ ഇൻ ചാർജ് അമോസ് മാമന്‍റെ നിർദേശപ്രകാരം സ്പെഷൽ ആക്ഷൻ ഗ്രൂപ് രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു. അടുത്തിടെ മെഡിക്കൽ കോളജിന് സമീപം അതിഥിതൊഴിലാളിയുടെ മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചയാളുടെ ദൃശ്യം സി.സി.ടി.വിയിൽനിന്ന് ലഭിച്ചിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ഇയാൾ എ.ടി.എമ്മിലെത്തിയത്.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പരിസരത്തുനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ ജിംനാസിനെ പിടികൂടി തൊഴിലാളികൾ പൊലീസിൽ ഏൽപിച്ചു. ജിംനാസിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാളയത്തെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പിടികൂടുകയായിരുന്നു. ലഹരിക്ക് അടിമകളായ പ്രതികൾ നിരവധി വാഹനമോഷണ കേസുകളിൽ പ്രതികളാണ്. ഒരു മാസം മുമ്പേയാണ് ഇവർ ജയിൽമോചിതരായത്.

സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ റസാഖ്, ഹരികൃഷ്ണൻ, സാംസൺ, സൈനുദ്ദീൻ, എ.എസ്.ഐ ശിവദാസൻ, ഡ്രൈവർ സി.പി.ഒ സന്ദീപ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.