രാമനാട്ടുകര: കിടപ്പു രോഗികൾക്കായി നാലുവർഷംകൊണ്ട് 43 സാന്ത്വന കട്ടിലുകൾ..!! "ദിനമൊരു നാണയം ദീനാനുകമ്പയോടെ" എന്ന തലക്കെട്ടിൽ കുട്ടിക്കൂട്ടത്തിലെ കുട്ടികൾ സാധ്യമാക്കിയത് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന അതുല്യ നേട്ടം.
എൽ.എസ്.എസ് പഠനത്തിനായി 2020ൽ രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് കുട്ടിക്കൂട്ടം. പഠനത്തോടൊപ്പം സമൂഹത്തിന് അഭിമുഖമായി വളരുക എന്ന ലക്ഷ്യത്തിൽ മുന്നോട്ടു പോകുന്ന കൂട്ടായ്മയുടെ അമരക്കാരൻ കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ ആണ്. ദിവസവും രാവിലെ ഒരു മണിക്കൂർ സൗജന്യമായി നൽകുന്ന ക്ലാസുകളിൽ എത്തുന്ന മുഴുവൻ കുട്ടികളും പണക്കുടുക്കയിൽ നിക്ഷേപിക്കുന്ന നാണയത്തുട്ടുകൾ ചേർത്തുവച്ചാണ് ഇത്തവണ പന്ത്രണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു സാന്ത്വന കട്ടിൽ വീതം നൽകിയത്.
കേരള പാലിയേറ്റീവ് കെയർ ദിനമായ ജനുവരി 15ന് രാമനാട്ടുകര കെ.പി. അസീസ് പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ രാമനാട്ടുകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിയാളി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ മിഥുഷ. വി മാവൂർ, ചാത്തമംഗലം, കുന്ദമംഗലം, പെരുമണ്ണ, പെരുവയൽ, വാഴയൂർ, ചെറുകാവ്, ചേലമ്പ്ര, ഒളവണ്ണ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾക്കും രാമനാട്ടുകര,ഫറോക്ക് എന്നീ നഗരസഭകൾക്കും കട്ടിലുകൾ വിതരണം ചെയ്തു. പരിപാടിക്ക് സാക്ഷികളാവാൻ കുട്ടിക്കൂട്ടത്തിലെ കുട്ടികളും എത്തിച്ചേർന്നിരുന്നു. കുട്ടിക്കൂട്ടം ചീഫ് കോഡിനേറ്റർ ഷിബിൻ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലറും കുട്ടിക്കൂട്ടം കോർഡിനേറ്ററുമായ റെമിന വെള്ളാശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.