പ്രതീകാത്മക ചിത്രം
വടകര: സഹോദരനുമായുള്ള തർക്കം പരിഹരിക്കാനെത്തിയ അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പണം സ്വദേശി പുതിയൊട്ടിൽ പ്രവീണാണ് (32) വടകര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. വഴക്ക് ശ്രദ്ധയിൽപ്പെട്ട അമ്മാവൻ പുതിയോട്ടിൽ സത്യനാഥൻ (55) ഇരുവരെയും പിടിച്ചുമാറ്റാനും പ്രശ്നം പരിഹരിക്കാനും ഇടപെട്ടു. ഇതിനിടെ പ്രകോപിതനായ പ്രവീൺ അടുക്കളയിൽനിന്ന് ചെറിയ അമ്മിക്കല്ല് എടുത്ത് സത്യനാഥന്റെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തലക്ക് ഗുരുതരമായി പരിക്കേറ്റ സത്യനാഥനെ ഉടൻതന്നെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ വടകര പൊലീസ് സ്ഥലത്തെത്തി പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.