ശ്രീനന്ദന
കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ജില്ലയിൽ ഇനി അവശേഷിക്കുന്നത് 20 സീറ്റുകൾ മാത്രം. മൂന്ന് അലോട്ട്മെന്റുകളിലായി ഇതിനകം പ്രവേശനം ലഭിച്ചത് 31349 പേർക്കാണ്. മൂന്നാം അലോട്ട്മെന്റിൽ 9804 പേർക്ക് പുതുതായി പ്രവേശനം ഉറപ്പായപ്പോൾ 7007 പേർക്ക് ഹയർ ഓപ്ഷനും ലഭിച്ചു. സംവരണം ചെയ്ത സീറ്റുകളാണ് ഒഴിവുള്ളത്. എസ്.സി-ഏഴ്, ഒ.ബി.സി -ആറ്, ഇ.ഡബ്ല്യു.എസ് -അഞ്ച്, ലാറ്റിൻ/ആംഗ്ലോ ഇന്ത്യൻ -ഒന്ന്, ഇ.ടി.ബി -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകൾ.
ജനറൽ സീറ്റുകളിലും മുസ്ലിം സംവരണ സീറ്റുകളിലും അലോട്ട്മെന്റ് പൂർത്തിയായി. ഈ രണ്ടു വിഭാഗങ്ങളിലും പുതുതായി അനുവദിക്കപ്പെട്ട അധിക സീറ്റുകളിലേക്കും അർഹരായ അപേക്ഷകർ ആവശ്യത്തിലധികം ഉണ്ടായിരുന്നു. എന്നാൽ, എസ്.സി/എസ്.ടി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ഡബ്ല്യു.എസ്) എന്നിവർക്കുള്ള സംവരണ സീറ്റുകളിലേക്ക് വേണ്ടത്ര അപേക്ഷകർ ഇല്ലായിരുന്നു. ജില്ലയിൽ 48238 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 31369 സീറ്റുകളാണ് ആകെയുള്ളത്. ഇതനുസരിച്ച് 16889 അപേക്ഷകർക്ക് പ്ലസ് വൺ സീറ്റുകൾ ലഭിക്കില്ല. എന്നാൽ, അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾകൂടി പരിഗണിച്ചാൽ 43142 സീറ്റുകൾ ജില്ലയിലുണ്ടെന്നാണ് സർക്കാർ കണക്ക്. മറ്റ് കോഴ്സുകളുടെ സീറ്റുകൂടി ചേർത്താൽ വലിയ തോതിൽ വിദ്യാർഥികൾ പുറത്തുനിൽക്കേണ്ടിവരില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ചേളന്നൂർ സ്വദേശിയായ വിദ്യാർഥി പുറത്ത്
കോഴിക്കോട്: എത്രമാർക്ക് വേണം പ്ലസ് വണ്ണിന് സീറ്റ് കിട്ടാൻ? എല്ലാരും പറഞ്ഞത് ഫുൾ എ പ്ലസ് കിട്ടിയാൽ ഇഷ്ടമുള്ള വിഷയവും സ്കൂളും തിരഞ്ഞെടുത്ത് പഠിക്കാമെന്നാണ്. ഞാനത് വിശ്വസിച്ചാ കഷ്ടപ്പെട്ട് പഠിച്ചത്. ഇപ്പം എനിക്ക് എവിടെയും സീറ്റില്ല. ഇനി ഞാനെന്താ ചെയ്യാ? സീറ്റ് കിട്ടാൻ ഇത്രയും മാർക്ക് പോരാന്ന് അറിഞ്ഞാൽ കുറച്ചുകൂടി കഷ്ടപ്പെടാമായിരുന്നു. പക്ഷേ, എന്നേക്കാൾ കുറഞ്ഞ മാർക്ക് കിട്ടിയവർക്ക് സീറ്റ് കിട്ടി.
എനിക്കെന്താ സീറ്റ് കിട്ടാത്തെ? പഠിക്കണ്ടാന്ന് തോന്നുകയാ. എത്ര കഷ്ടപ്പെട്ടാന്നറിയോ ഞാനിതു വാങ്ങിയത് -വാക്കുകൾ പൂർത്തിയാക്കുംമുമ്പേ ചേളന്നൂർ മരുതാട് കുന്നോത്തുപൊയിൽ സുധീഷിന്റെ മകൾ ശ്രീനന്ദനയുടെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു, പുറത്തു തിമിർത്തുപെയ്യുന്ന കാലവർഷത്തേക്കാൾ ഒഴുക്കോടെ കണ്ണുനീർ അണപൊട്ടി.
ഒന്നാം ക്ലാസ് മുതൽ പൊതുവിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ശ്രീനന്ദന ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡി സ്കൂളിൽനിന്നാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. അവിടെ തന്നെ പ്ലസ് വണ്ണും പഠിക്കണമെന്നാണ് ആഗ്രഹിച്ചത്. അപേക്ഷ നൽകിയത് എല്ലാം സർക്കാർ സ്കൂളിലാണ്. പക്ഷേ, ഒരിടത്തും അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. തന്നേക്കാൾ മാർക്ക് കുറഞ്ഞവർക്ക് പല സ്കൂളിലായി പ്രവേശനം ലഭിച്ചത് ശ്രീനന്ദനയുടെ ആശങ്കയും നിരാശയും വർധിപ്പിക്കുകയാണ്.
മാനേജ്മെന്റ് സ്കൂളിൽ സയൻസ് വിഷയത്തിന് ചോദിച്ചപ്പോൾ അമ്പതിനായിരവും നാൽപതിനായിരവുമൊക്കെയാണ് ചോദിച്ചത്. പിതാവിന് അത് നൽകാൻ കഴിയാത്തതിനാൽ ഇനി പഠനം മുടങ്ങുമോ എന്ന ആശങ്കയാണ്. തന്നേക്കാൾ മാർക്കു കുറവാണെങ്കിലും സാമ്പത്തിക ശേഷിയുള്ള തന്റെ സുഹൃത്തുകൾ മാനേജ്മെന്റ് സ്കൂളിൽ പ്രവേശനം തേടിയത് ശ്രീനന്ദനയുടെ ദുഃഖം ഇരട്ടിയാക്കി.
പഠിക്കുന്ന കുട്ടികൾക്ക് പോലും പരിഗണനയില്ലെന്ന അവസ്ഥയാണ് മകളുടെ കാര്യത്തിലെന്ന് പിതാവ് സുധീഷ് പറയുന്നു. സീറ്റ് കിട്ടാതെ ആയിരക്കണക്കിന് കുട്ടികൾ പുറത്തുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജ്മൻറ്, അൺ എയ്ഡഡ് സ്കൂളുകൾ സീറ്റുകൾ ലേലം വിളിച്ച് പ്രവേശനം നൽകുമ്പോൾ സാധാരണക്കാരായ മിടുക്കരായ വിദ്യാർഥികൾ പടിക്കുപുറത്താകുകയാണ്. എലത്തൂർ മണ്ഡലത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ടോപ്പേഴ്സ് മീറ്റിൽ നിന്നും അപേക്ഷ നൽകിയിട്ടും ശ്രീനന്ദന തള്ളപ്പെട്ടു. കഴിഞ്ഞ ആഴ്ചയായിരുന്നു അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.