കോഴിക്കോട്: പനങ്ങാട്, ബാലുശ്ശേരി, കാക്കൂർ, നന്മണ്ട, കിഴക്കോത്ത് പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് പാചകവാതകം എത്തിക്കാനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി ഈ മാസം ആരംഭിക്കും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതക വില സെപ്റ്റംബർ ഒന്നുമുതൽ കുറച്ചതായും കമ്പനി അധികൃതർ അറിയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് കമ്പനി ഈ വർഷം വില കുറക്കുന്നത്. ഈ കൊല്ലം ആരംഭത്തിൽ ഉണ്ടായിരുന്ന എം.എം.ബി.ടി.യുവിന് 1620.65 രൂപയുള്ളത് ഇപ്പോൾ 1282.44 ആയി പുനർനിർണയിച്ചു. ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലാണ് പൈപ്പ് ലൈൻ വഴി പാചക വാതകം ഇപ്പോൾ വിതരണം ചെയ്യുന്നത്. സുരക്ഷിതവും സൗകര്യപ്രദവും ഒപ്പം താരതമ്യേന വിലക്കുറവും ഉള്ളതിനാൽ ജനങ്ങൾ പൈപ്പ് ലൈൻ ഗ്യാസിലേക്ക് മാറാനുള്ള രജിസ്ട്രേഷൻ നടപടികളിൽ വൻ പങ്കാളിത്തം കിട്ടുന്നതായി കമ്പനി അറിയിച്ചു. പൈപ്പ് ലൈൻ പൂർത്തിയാകുന്ന മുറക്ക് കിനാലൂർ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള വ്യവസായ സ്ഥാപനങ്ങളിലേക്ക് വിതരണം ആരംഭിക്കും.
കോഴിക്കോട് കോർപറേഷൻ മേഖലയിലെ പൈപ്പിടൽ പൂർത്തീകരിക്കുകയും കുന്ദമംഗലത്തെ നിലവിലുള്ള പൈപ്പ് ലൈൻ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്താൽ കോർപറേഷൻ മേഖലയിൽ ഉടൻ പാചകവാതക വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും.
നിലവിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് 15 സി.എൻ.ജി വിതരണ പമ്പുകൾ കോഴിക്കോട് ജില്ലയിലും രണ്ടു പമ്പുകൾ വയനാട് ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. കൂളിമാട്, ഓമശ്ശേരി, വെണ്ണക്കാട്, താഴെ പടനിലം, കോട്ടക്കടവ്, മാനന്തവാടി എന്നിവിടങ്ങളിലെ പമ്പുകൾ തുടങ്ങുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. പേരാമ്പ്ര, വടകര, മീനങ്ങാടി, കൊയിലാണ്ടി എന്നിവിടങ്ങളിൽ പമ്പുകൾ സ്ഥാപിക്കാനും നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.