കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തിൽ ജലത്തിൽനിന്ന് രോഗകാരണമാവുന്ന അമീബയെ കണ്ടെത്തുന്നതിനുള്ള പി.സി.ആർ പരിശോധനക്ക് കോഴിക്കോട്ട് ലാബ് സൗകര്യം ഒരുങ്ങുന്നു. കുന്ദമംഗലത്തെ സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റിന്(സി.ഡബ്ല്യു.ആർ.ഡി.എം) ലാബ് നിർമിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
മലബാറിൽ രോഗം വ്യാപകമാവുന്നതിനിടെ വെള്ളത്തിലെ അമീബയുടെ സാന്നിധ്യം കണ്ടെത്താൻ ലാബില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാവുന്നുണ്ട്. രണ്ടു മാസത്തോളമായി ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ലാബ് ഉടൻ സജ്ജമാക്കുമെന്നും സി.ഡബ്ല്യു.ആർ.ഡി.എം അധികൃതർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. ലാബ് സ്ഥാപിക്കുന്നതിന് പബ്ലിക്ക് ഹെൽത്ത് ലാബ് അധികൃതരിൽനിന്ന് വിദഗ്ധ അഭിപ്രായം തേടും. രോഗവ്യാപന നിരീക്ഷണം, പകർച്ചവ്യാധി പഠനം എന്നിവക്ക് ആരോഗ്യവകുപ്പുമായി സഹകരിക്കലാണ് ലാബ് നിർമാണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
പി.സി.ആർ പരിശോധനക്കുള്ള റിയൽ ടൈം പി.സി.ആർ മെഷീൻ സി.ഡബ്ല്യു.ആർ.ഡി.എമ്മിലുണ്ട്. റീ ഏജന്റ്, കെമിക്കൽസ് എന്നിവ വാങ്ങുകയും മറ്റ് ലാബിനാവശ്യമായ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം.
നിലവിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ മാത്രമാണ് പി.സി.ആർ പരിശോധന സൗകര്യം ഉള്ളത്. അതിനാൽതന്നെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളത്തിന്റെ പരിശോധനഫലം ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു.
ലാബ് പ്രവർത്തനസജ്ജമാകുന്നതോടെ ഈ കാലതാമസം ഒഴിവാക്കാനാകും. സർക്കാർ അനുമതി ലഭിച്ചശേഷം മാത്രമായിരിക്കും പൊതുജനങ്ങളിൽനിന്ന് പരിശോധനക്ക് സാമ്പിളുകൾ ശേഖരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.