കോഴിക്കോട്: മാലിന്യ നിയമലംഘനത്തിന് പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദം ചെലുത്തിയ നടപടിക്കെതിരെ വിമർശനം. തദ്ദേശവകുപ്പിന് കീഴിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ മിന്നൽ പരിശോധനകളിൽ പിഴ ഈടാക്കാൻ മത്സരിക്കണമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ വാട്സ്ആപ് സന്ദേശമാണ് ആക്ഷേപത്തിനിടയാക്കിയത്. ‘പരിശോധനകളിൽ ചെറിയ കേസ് എടുക്കേണ്ട. വലിയ കേസുകൾ മതി. പരമാവധി പിഴ അടപ്പിക്കണം.
തൃശൂർ, കണ്ണൂർ എന്നീ ജില്ലകളാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇത്തവണ അത് തിരുത്തിക്കുറിക്കാനുള്ള സുവർണാവസരമാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് ടീമുകൾക്ക് പ്രത്യേക പുരസ്കാരവും പ്രശംസപത്രവും നൽകുന്നതായിരിക്കും. സ്പോട്ട് കലക്ഷൻ, പിഴ ഇടുന്ന തുക, ക്വാളിറ്റി എന്നിവയായിരിക്കും പ്രധാന മാനദണ്ഡങ്ങൾ’’ എന്നാണ് സന്ദേശത്തിലുള്ളത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ പിഴ ഈടാക്കാൻ നിർബന്ധിതമായെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാർ പ്രതികരിച്ചത്.
നിർബന്ധത്തെതുടർന്ന് കോഴിക്കോട് 315 കേസുകൾ എടുക്കുകയും 17.42 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. നീതീകരിക്കാത്ത രീതിയിലാണ് പിഴയിട്ടതെന്ന് നിയമനടപടിക്ക് വിധേയമായവരിൽ ചിലർ പറയുന്നു.മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സംസ്ഥാന വ്യാപകമായി ഒറ്റദിവസംകൊണ്ട് 2455 കേസുകളിൽ 1.17 ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്.
തദ്ദേശവകുപ്പിന്റെ 845 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധനക്കിറങ്ങിയത്. തൃശൂരാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് -17.77 ലക്ഷം രൂപ. തിരുവനന്തപുരം ജില്ലയിൽ 359 നിയമലംഘനങ്ങളിൽ 11.87 ലക്ഷം പിഴ ഈടാക്കി. കണ്ണൂർ 8.71 ലക്ഷവും കാസർകോട് 5.54 ലക്ഷം രൂപയും പിഴ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.