1994 സെപ്റ്റംബർ 24നാണ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ വയനാട്ടിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ കോഴിക്കോട് ജില്ലയിലും പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന്റെ തറക്കല്ലിടൽ നിർവഹിച്ചത്. നാലുദിവസംകൂടി കഴിഞ്ഞാൽ 31 വർഷം പൂർത്തിയാവുമ്പോൾ ബദൽ റോഡെവിടെ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. വയനാട്ടിൽ അന്നിട്ട കല്ലോ ശിലാഫലകമോ ഇന്ന് കാണാനില്ല. റോഡെന്ന സ്വപ്നത്തിനു മുന്നിൽ നിൽക്കുന്ന തടസ്സങ്ങൾ നീക്കാൻ മാറിവന്ന ഭരണകൂടങ്ങൾ ആത്മാർഥമായി ശ്രമിച്ചിട്ടുമില്ല. ബദൽ പാത കേവലം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി ഒതുങ്ങുമ്പോൾ വലിയൊരു ജനതയെ 31 വർഷമായി സർക്കാറുകൾ കബളിപ്പിക്കുകയാണ്.
‘നിങ്ങളെ വിശ്വസിച്ചാണ് കിടപ്പാടവും ഭൂമിയും നൽകിയത്’
ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും അതിലെ കൂരയും റോഡ് നിർമാണത്തിനുവേണ്ടി പൊതുമരാമത് വകുപ്പ് ആവശ്യപ്പെട്ടപ്പോൾ താനിനി എന്തു ചെയ്യണം എന്ന് ചോദിച്ച് മറിയം എന്ന വീട്ടമ്മ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ കത്തുണ്ട്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ നിർമാണം തുടങ്ങിയ സമയത്ത് 1995ൽ നൽകിയ ആ കത്ത് പറയാതെ പറയുന്ന ഒരു വസ്തുതയുണ്ട്. ജനപ്രതിനിധികളെയും പഞ്ചായത്ത് ഭരണസമിതിയേയും വിശ്വസിച്ചാണ് അവരെല്ലാം അന്ന് റോഡിനുവേണ്ടി തങ്ങളുടെ ഭൂമി നൽകിയത്.
പൊന്നുംവില നൽകുന്ന കാലത്ത് സൗജന്യമായി ഭൂമി നൽകാൻ അവരെ പ്രേരിപ്പിച്ചത് ബദൽപാത വരും എന്ന പ്രതീക്ഷ മാത്രമായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം നാടിനെ അങ്ങനെയാണ് വിശ്വസിപ്പിച്ചത്. ബദൽ റോഡിനുവേണ്ടി 183 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ കൂട്ടുനിന്നവർ അന്ന് നൽകിയ വാഗ്ദാനങ്ങൾ വിഴുങ്ങി, ഇരകൾ നേരിട്ട നീതിനിഷേധം കണ്ടില്ലെന്ന് നടിച്ചു, കേന്ദ്രം അനുമതി തരുന്നില്ലെന്ന് കൈമലർത്തി. എന്തുകൊണ്ട് അനുമതി ലഭിച്ചില്ല എന്ന് ആത്മാർഥമായി പഠിക്കാനും അവർ തയാറായില്ല.
കൂട്ടിമുട്ടാത്ത ഹൈവേയുടെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങൾ
പൂഴിത്തോട്-പടിഞ്ഞാറത്തറ ഭാഗങ്ങളിൽ വനഭൂമി വരെ നിർമാണം പൂർത്തിയായ റോഡ് സംസ്ഥാന ൈഹവേയിൽപെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഇരു ഭാഗത്തും അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്. കൂട്ടിമുട്ടാത്ത പാത എങ്ങനെ ഹൈവേയിൽപെടുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഒളിച്ചുകളിക്കുന്ന ഭരണ-പ്രതിപക്ഷ കക്ഷികൾ
മലയോര ജനതയുടെ നിലനിൽപുസമരത്തിനൊപ്പമുണ്ടെന്ന് പറയുന്ന മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ജനകീയ സമരത്തിൽ മുഖം കാണിച്ച് മുങ്ങുകയാണ്. ചെറിയ കാര്യങ്ങൾക്കുപോലും വലിയ സമരങ്ങൾ സംഘടിപ്പിക്കുന്ന മുഖ്യധാര പാർട്ടികൾ മലയോര ജനത തുടങ്ങിവെച്ച സമരം സ്വയം ഏറ്റെടുക്കാൻ ഇതുവരെ തയാറായിട്ടില്ല. കെ. കരുണാകരൻ തറക്കല്ലിട്ട പദ്ധതിയിലെ തടസ്സവാദങ്ങൾ നീക്കാൻ യു.ഡി.എഫിനും കഴിഞ്ഞില്ല.
ജനകീയ സമരത്തിന് പിന്തുണ നൽകുന്നു എന്ന് പറയുമ്പോഴും പ്രാദേശിക നേതാക്കളിൽ പലരും സമരം ഏറ്റെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭരണം മാറിയിട്ട് ബദൽ പാത വന്നാൽ മതിയെന്ന് കരുതുന്ന നേതാക്കൾ സമരത്തെ പിന്നോട്ടുവലിക്കുന്നുമുണ്ട്. പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാതക്ക് വേണ്ടിയുള്ള ജനകീയ സമരത്തിൽ പങ്കെടുക്കുമ്പോഴും ഇത് നടക്കില്ലെന്ന് കരുതി മാറിനിൽക്കുന്ന നേതാക്കളുമുണ്ട്.
ഭരണപക്ഷമാവട്ടെ വൻകിട പദ്ധതികൾക്ക് കാണിക്കുന്നതിന്റെ ചെറിയൊരംശം ആത്മാർഥത ബദൽ റോഡ് വിഷയത്തിൽ കാണിക്കുന്നുപോലുമില്ല. 2016ൽ ചർച്ച തുടങ്ങിയ തുരങ്കപാതക്ക് കുറഞ്ഞ കാലംകൊണ്ട് കേന്ദ്രാനുമതി നേടിയവർക്ക് 1978ൽ തുടങ്ങിയ ബദൽ റോഡിന് കേന്ദ്രാനുമതി നേടാനാവാത്തതിൽ ദുരൂഹതയുണ്ട്. വനത്തിന് ഒരു വകുപ്പും തലപ്പത്തൊരു മന്ത്രിയും ഉണ്ടെങ്കിലും ഫയലുകൾ നീങ്ങാൻ വർഷങ്ങൾ വേണ്ടിവരുന്നു.
തിരുത്തേണ്ടതും ശ്രമിക്കേണ്ടതും കേരളം
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനുവേണ്ട കേന്ദ്രാനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നൽകുന്നില്ലെന്ന് കേരളവും കേരളം കൃത്യമായ പ്രൊപ്പോസൽ വെച്ചിട്ടില്ലെന്ന് കേന്ദ്രവും പറയുമ്പോൾ പെരുവഴിയിലാവുന്നത് ഒരു നാടിന്റെ ഗതാഗത സ്വപ്നമാണ്. 1994 കാലഘട്ടത്തിൽ കേരളം നൽകിയ അപേക്ഷ 95ൽ കേന്ദ്രം നിഷേധിച്ചിരുന്നു. സ്റ്റേജ്-1, സ്റ്റേജ്-2 ക്ലിയറൻസുകൾ കൃത്യമായി പൂർത്തിയാക്കാൻ കഴിയാത്തതായിരുന്നു അനുമതി നിഷേധിക്കാൻ ഇടയാക്കിയത്.
വനഭൂമിക്ക് പകരമായി കാഞ്ഞിരങ്ങാട് വില്ലേജിൽ വിട്ടുനൽകിയ 33 ഏക്കർ ഭൂമി വനവത്കരണത്തിന് പറ്റിയതല്ല എന്നായിരുന്നു വനം വകുപ്പിന്റെ വാദം. എന്നാൽ, റവന്യൂ വകുപ്പിന്റെ സ്കെച്ചിൽ ഇത് കാടായി നിൽക്കുന്ന ഭൂമിയാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് വനം വകുപ്പിനെ ബോധ്യപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞില്ല. 2014ൽ പിടിച്ചെടുത്ത തോട്ടഭൂമികളടക്കം നിത്യഹരിത വനം എന്ന് എഴുതിയ കേരള വനം വകുപ്പിന്റെ റിപ്പോർട്ടിലെ തെറ്റ് തിരുത്താനും കേരളത്തിന് കഴിഞ്ഞില്ല. പരീക്ഷ എഴുതാതെ പാസാക്കണം എന്നു പറയുന്നതുപോലെയായിരുന്നു ഇതുവരെ കേരളം ബദൽ റോഡിനുവേണ്ടി വാദിച്ചതെന്നാണ് യാഥാർഥ്യം.
ജനകീയ സമരത്തിന്റെ നാൾവഴികൾ
1978ലാണ് ആന്റണി മന്ത്രിസഭയുടെ കാലത്ത് പേരാമ്പ്രയിലെ ഒരുപറ്റം മലയോര ജനത പൂഴിത്തോട് റോഡെന്ന ആവശ്യവുമായി ഭരണാധികാരികളെ സമീപിക്കുന്നത്. 1994 വരെ ചർച്ചയിൽ മാത്രം ഒതുങ്ങിയ പദ്ധതിക്ക് കരുണാകരൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ ബദൽ റോഡെന്ന പ്രതീക്ഷക്ക് ജീവൻവെച്ചെങ്കിലും വനം വകുപ്പിന്റെ തടസ്സവാദങ്ങളിൽ പദ്ധതി നിലച്ചു. തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലച്ചുപോയ പദ്ധതി പൂർത്തീകരിക്കാൻ ഇരു ജില്ലകളിലും ജനകീയ സമരങ്ങളും ആരംഭിച്ചു.
2016ലാണ് വയനാട് ജില്ലയിൽ കാപ്പിക്കളത്ത് ആദ്യ സമരം തുടങ്ങുന്നത്. അന്ന് ഇടതുപക്ഷമാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരിച്ചിരുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ കൂടി പിന്തുണയോടെയായിരുന്നു സമരം. തുടക്കത്തിൽ സമരത്തിന്റെ നേതൃനിരയിൽ നിന്ന ഇടതുപക്ഷം ക്രമേണ ഉൾവലിഞ്ഞു. ഒടുക്കം ഒന്നരക്കോടി വകയിരുത്തി ഊരാളുങ്കലിനെ ഏൽപിച്ച സർവേപോലും ഒരു വർഷം കഴിഞ്ഞേ തുടങ്ങാനായുള്ളൂ. അടുത്ത ഡിസംബറിനുള്ളിൽ പഠന റിപ്പോർട്ട് പൂർത്തിയാക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും തുരങ്കപാതയാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം എന്ന് വിശ്വസിക്കുന്ന ചില നേതാക്കൾ ബദൽ റോഡിനെ പിന്നോട്ടുവലിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. എല്ലാ പ്രതീക്ഷകളും അടഞ്ഞിട്ടും 58ഓളം സംഘടനകൾ അടങ്ങിയ പൂഴിത്തോട് സമര കർമസമിതി സമരം അവസാനിപ്പിക്കാതെ മുന്നോട്ടുനീങ്ങി.
2023ലാണ് പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ പന്തൽ കെട്ടി റിലേ സമരത്തിന് തുടക്കം കുറിച്ചത്. കമൽ ജോസഫ് കോഓഡിനേറ്ററായുള്ള ജനകീയ സമരം 1000 ദിവസത്തിലേക്ക് കടക്കുകയാണ്. കാര്യങ്ങൾ കൃത്യമായി പഠിച്ച് അപാകതകൾ വെളിച്ചത്ത് കൊണ്ടുവരാൻ കർമസമിതിക്ക് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ജില്ല വികസന സമിതിയെ അത് ബോധ്യപ്പെടുത്തുകയും ചെയ്തു. പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിലെ സമരപ്പന്തൽ പൊളിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നെങ്കിലും കനത്ത പ്രതിഷേധം കാരണം നടന്നില്ല. 1994 മുതൽ ഭരണവർഗം നിരന്തരം തിരസ്കരിച്ച, മുഖ്യ രാഷ്ട്രീയ പാർട്ടികളും സ്ഥലത്തെ പ്രമുഖരും മുഖവിലക്കെടുക്കാതിരുന്ന നിർദിഷ്ട ബദൽ പാത പദ്ധതിയെ പാർലമെന്റിലും നിയമസഭയിലും ഹൈകോടതിയിലും സമൂഹമധ്യത്തിലുമെല്ലാം എത്തിക്കാനും പാതയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്താനും സമരകാലത്ത് ജനകീയ കർമസമിതിക്ക് സാധിച്ചു.
എളുപ്പമാണ് പാത, ഗുണങ്ങളും ഏറെ
പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, പഴയ എസ്റ്റേറ്റ് റോഡുകൾ, കൂപ്പ് റോഡ് തുടങ്ങിയ റോഡുകൾ നിർദിഷ്ട പാതയിലുള്ളതിനാൽ വളരെ എളുപ്പത്തിൽ ഈ റോഡ് പൂർത്തിയാക്കാനാവുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ പ്രതിസന്ധി കൂടുതൽ ദുഷ്കരമാകുന്ന സാഹചര്യത്തിൽ കേരളത്തിന്റെയാകെ പ്രതീക്ഷയാണിത്. പൂഴിത്തോട്-പടിഞ്ഞാറത്തറ സംസ്ഥാന പാത യാഥാർഥ്യമായാൽ വയനാട്-താമരശ്ശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കിനും പരിഹാരമാകും. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന പാതകൂടിയായി ഉപയോഗിക്കാമെന്നതിന് പുറമെ ബേപ്പൂർ- ബംഗളൂരു ചരക്കുനീക്കത്തിനും ഈ പാത ഏറെ പ്രയോജനം ചെയ്യും.
ചുരമില്ലാ റോഡ്, ഇന്ധന ലാഭം, കുറഞ്ഞ അന്തരീക്ഷ മലിനീകരണം, ഒരാളെപോലും കുടിയൊഴിപ്പിക്കേണ്ടി വരില്ല, പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കേണ്ട, 10 മീറ്റർ മാത്രം വരുന്ന ആറ് ചെറിയ പാലങ്ങൾ മാത്രം എന്നിവയെല്ലാം പാതയുടെ നേട്ടങ്ങളിൽ ചിലത് മാത്രം. ഇതുവരെ മണ്ണിടിച്ചിലുണ്ടായിട്ടില്ലാത്ത ഭൂമിയിലൂടെ കടന്നുപോകുന്നുവെന്നതും മേഖലയിൽ മിക്കവാറും കരിങ്കല്ലാണെന്നതും പാതയുടെ അനുകൂല ഘടകങ്ങളാണ്. വനഭൂമിക്കു പകരം വനം വകുപ്പിന് ഇരട്ടി ഭൂമി ഇതിനകം കൈമാറിയതിനാൽ ആ തടസ്സവുമില്ല. കിനാലൂരിൽ എയിംസ് വന്നാൽ വയനാട്ടുകാർക്ക് ഈ റോഡിലൂടെ എളുപ്പത്തിൽ വിദഗ്ധ ചികിത്സ നേടാനുമാകും. ഭൂപ്രകൃതി അനുകൂലമായതിനാൽ റോഡ് നിർമാണത്തിന് വലിയ പാർശ്വഭിത്തികളോ മൺപണിയോ ആവശ്യമില്ല. വയനാട് ഭാഗത്ത് ചെറിയ പാലങ്ങൾ മാത്രം നിർമിച്ചാൽ മതിയാകും. പദ്ധതി പ്രദേശത്ത് ചരിവു കുറഞ്ഞ ഭൂപ്രകൃതിയായതിനാൽ ഉരുൾപൊട്ടൽ സാധ്യത കുറവാണ്.
കോഴിക്കോട് വിമാനത്താവളത്തിലേക്കും വടകര വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും പാത പൂർത്തിയായാൽ എളുപ്പത്തിലെത്താനാവും. ജനവാസമേഖലകളെ ബാധിക്കാതെ നിർമാണം നടത്താം. കോഴിക്കോടുനിന്ന് കൽപറ്റയിലേക്ക് യാത്രാദൂരം 16 കിലോമീറ്റർ കുറയും. പുതുതായി ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നതിന് പുറമെ വയൽ നികത്തുകയോ വലിയ തോതിൽ മണ്ണിടിക്കുകയോ വേണ്ട. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കുട്ട(കർണാടക)-പുറക്കാട്ടിരി (കോഴിക്കോട്) ഗ്രീൻഫീൽഡ് പാതയിലേക്കും ഈ പാത യോജിപ്പിക്കാനാവും.
വനം വകുപ്പിനും പറയാനുണ്ട്...
പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡിനായുള്ള ഇൻവെസ്റ്റിഗേഷൻ സർവേ നല്ല രീതിയിൽ പൂർത്തിയായെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ പറഞ്ഞു. ഇനി പൊതുമരാമത്ത് വകുപ്പ് പരിവേഷ് ഓൺലൈൻ പോർട്ടലിൽ സ്റ്റേജ് -1 പെർമിഷൻ കിട്ടാൻ അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചാൽ പരിസ്ഥിതി മന്ത്രാലയം ചോദിക്കുന്ന രേഖകൾ സമർപ്പിക്കാനാവും. വിട്ടുനൽകുന്ന വനഭൂമിക്ക് പകരം നൽകുന്ന ഭൂമിയാണ് പ്രധാനമായും അപേക്ഷയിൽ പരിഗണിക്കുക. ഇപ്പോൾ നടന്ന സ്വതന്ത്ര ഏജൻസിയുടെ പഠന റിപ്പോർട്ട് കേന്ദ്രം പരിഗണിച്ചാൽ മുമ്പ് നൽകിയ റിപ്പോർട്ട് തടസ്സമാവില്ല.
നിലവിലെ സർവേ പ്രകാരം കെ.എസ്.ഇ.ബിയുടെ റീപ്ലയിസ്മെന്റ് റോഡിലൂടെയാണ് അലൈൻമെന്റ് എടുത്തിരിക്കുന്നത്. തരിയോട് വില്ലേജ് കഴിഞ്ഞാൽ വെസ്റ്റഡ് ഇ.എഫ്.എൽ ഭൂമിയാണ്. അവിടെ പഴയ നടപ്പാതകൾ മാത്രമാണുള്ളത്. പഴയ എസ്റ്റേറ്റ് റോഡുകൾ മുഴുവൻ കാട് മൂടിപ്പോയിട്ടുണ്ട്. ബദൽ റോഡ് റീപ്ലയിസ്മെന്റ് റോഡിലൂടെയാണ് ഇപ്പോൾ കണ്ടിരിക്കുന്നതെന്നും ഡി.എഫ്.ഒ പറഞ്ഞു. സ്റ്റേജ് ഒന്ന്, രണ്ട് പൂർത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് 2014ലെ വനം വകുപ്പിന്റെ റിപ്പോർട്ടിൽ കുരുങ്ങിയപ്പോൾ ഒടുവിൽ നടന്ന സ്വതന്ത്ര ഏജൻസിയുടെ പഠനം റോഡിന് ജീവൻ നൽകുന്നതാണ്.
വനം കാര്യമായി ഉപയോഗിക്കാതെതന്നെ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കാനാവും എന്ന പ്രതീക്ഷയും അത് നൽകുന്നുണ്ട്. നിലവിലെ റീപ്ലയിസ്മെന്റ് റോഡ് ഉപയോഗപ്പെടുത്തിയാൽ വളരെ എളുപ്പത്തിൽ റോഡ് നിർമിക്കാനാവുമെന്ന ജനകീയ സമര സമിതിയുടെ പഠനമാണ് ഇപ്പോഴത്തെ പഠനസംഘം പരിഗണിച്ചത്. ഇനി കൃത്യമായി കാര്യങ്ങൾ നീക്കേണ്ടത് ഉദ്യോഗസ്ഥരും ഭരണകൂടവുമാണ്. ഒരു നാടിനോടും സമൂഹത്തോടുമുള്ള ബാധ്യത നിറവേറ്റാൻ തയാറായാൽ ഒരു ജനതയുടെ നീണ്ട 31 വർഷത്തെ കാത്തിരിപ്പും സ്വപ്നവും യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.