ഭൂമി തരംമാറ്റൽ; താലൂക്കുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകൾ

കക്കോടി: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം താലൂക്കുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് ഭൂമി തരംമാറ്റൽ അപേക്ഷകൾ. അനർഹായ രീതിയിൽ നിരവധി പേരുടെ അപേക്ഷകളിൽ നടപടിയായിരിക്കെയാണ് അർഹരായവരുടെ അപേക്ഷകൾ പരിഗണിക്കാതെ ഫയലിൽ കിടക്കുന്നത്. കഴിഞ്ഞ മേയിൽ കോഴിക്കോട് കലക്ടറേറ്റിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടി പ്രകാരം 23,567 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

അതിനുശേഷം രണ്ടായിരത്തിൽ താഴെ ഭൂമി തരംമാറ്റൽ അപേക്ഷകളിൽ മാത്രമാണ് തീർപ്പായതെന്നാണ് അറിവ്. ഫോം അഞ്ചു പ്രകാരം 10,457 അപേക്ഷകളും ഫോം ആറു പ്രകാരം 12,885 അപേക്ഷകളും ഫോം ഏഴു പ്രകാരം 225 അപേക്ഷകളുമാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഒരു താലൂക്കിൽ മാത്രമാണ് ഇത്രയധികം ഫയലുകൾ കെട്ടിക്കിടക്കുന്നത്. വടകര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കിലും സമാനായ അവസ്ഥയാണ്.

ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട ഫോം അഞ്ച്, ആറ് പ്രകാരമുള്ള അപേക്ഷകളാണ് വർഷങ്ങളായി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾ തങ്ങളുടെ ഭൂമിയിൽ വീടുവെക്കാനോ ബാങ്ക് ലോൺ എടുക്കാനോ ആധാരം ചെയ്യാനോ കഴിയാതെ ദുരിതമനുഭവിക്കുകയാണ്.

2021 മുതലുള്ള അപേക്ഷകളുണ്ടെന്നാണ് വിവരാവകാശ പ്രകാരമുള്ള അറിവ്. താലൂക്കിലെ അപേക്ഷകൾ തീർപ്പാക്കാൻ പലതവണ പ്രത്യേക അദാലത്ത് നടത്തിയെങ്കിലും ലക്ഷ്യം യാഥാർഥ്യമായില്ല. താലൂക്ക് അനുസരിച്ച് ഡെപ്യൂട്ടി കലക്ടർമാരാണ് അപേക്ഷ സ്വീകരിച്ച് വില്ലേജിലേക്ക് അയക്കുന്നത്. വില്ലേജുകളിൽ അപേക്ഷകളിൽ നടപടിയാകാതെ കെട്ടിക്കിടക്കുന്നതാണ് ഭൂരിഭാഗവും. വില്ലേജ് ഓഫിസർമാർ നൽകിയ റിപ്പോർട്ടുകളാകട്ടെ പല ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫിസുകളിൽ കെട്ടിക്കിടക്കുകയുമാണ്.

ഉദ്യോഗസ്ഥ അഴിമതിയാണ് തരംമാറ്റൽ അപേക്ഷ കെട്ടിക്കിടക്കാൻ കാരണമെന്ന് അപേക്ഷകർ പറയുന്നു. പണം കൊടുക്കാൻ തയാറില്ലാത്തവരുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതിൽ ഏറെയുമെന്നാണ് അപേക്ഷകരുടെ പരാതി. 10 സെന്റ് തരംമാറ്റിയാൽ ലക്ഷക്കണക്കിന് രൂപ ലാഭമുണ്ടാകുന്നെും അതിന്റെ വിഹിതം കിട്ടണമെന്ന തരത്തിലാണ് ചില റവന്യൂ ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും അപേക്ഷകർ പറയുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് അദാലത്ത് സംഘടിപ്പിക്കാനും ഫോം 5, ഫോം 6 അപേക്ഷകൾക്ക് സമയപരിധി നിശ്ചയിക്കാനും ആവശ്യപ്പെട്ട് മുൻ റവന്യൂ ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ എരഞ്ഞിക്കൽ സ്വദേശി ഇ.പി. രാജേന്ദ്രൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Kerala Land Conversion: Thousands of Applications Pending in Taluks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.