ക്ഷീരോൽപാദനത്തില് സ്വയംപര്യാപ്തമാവാന് മലബാര് മില്മയുടെ 'ക്ഷീരധാര' പദ്ധതി
കോഴിക്കോട്: ക്ഷീരോൽപാദനത്തിൽ മലബാര് മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാര് മില്മയുടെ മിൽമയുടെ'ക്ഷീരധാര'പദ്ധതി. മലബാര് മില്മ നിലവില് സംഭരിക്കുന്ന പ്രതിദിന ശരാശരി പാലളവ് ആറരലക്ഷം ലിറ്ററില് നിന്ന് ഏഴ് ലക്ഷം ലിറ്ററിലേക്ക് ഉയര്ത്തുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. ക്ഷീര സംഘങ്ങള് നിലവില് മേഖലാ യൂനിയന് നല്കിക്കൊണ്ടിരിക്കുന്ന പാലളവിന് മുകളില് നല്കുന്ന നിശ്ചിത ഗുണനിലവാരമുള്ള ഓരോ ലിറ്റര് പാലിനും അഞ്ച് രൂപ അധിക പാല്വിലയായി നല്കുന്നതാണ് പദ്ധതി.
2026 ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് സംഘങ്ങള് മലബാര് മേഖലാ യൂനിയന് നല്കിയ പ്രതിദിന ശരാശരി പാലളവ് കണക്കാക്കി ഒക്ടോബര് 21 മുതല് അതിനു മുകളിലേക്ക് നല്കുന്ന ഓരോ ലിറ്റര് പാലിനും അഞ്ചുരൂപ വീതം അധിക വിലയായി ലഭിക്കും. ആദ്യഘട്ടത്തില് 2026 ഒക്ടോബര് 21 മുതല് ഡിസംബര് 31വരെയാണ് അധിക പാല്വില നല്കുന്നത്. കര്ഷകരില് നിന്നുള്ള പ്രതികരണം വിലയിരുത്തി പദ്ധതിയുടെ കാലയളവ് വർധിപ്പിക്കുമെന്ന് മലബാര് മില്മ അഡ്മിനിസ്ട്രേറ്റര് വര്ക്കി ജോർജ് അറിയിച്ചു.
ക്ഷീര സംഘങ്ങള് ഓരോ പത്തു ദിവസവും നല്കുന്ന ശരാശരി പാലളവില് വന്ന വര്ധനവിനെയാണ് ഇന്സെന്റീവിനായി പരിഗണിക്കുക. പദ്ധതി പ്രകാരം മേഖലാ യൂനിയന് നല്കുന്ന അധികപാല്വില ക്ഷീര സംഘങ്ങള്ക്ക് ഉൽപാദനം പ്രോത്സാഹിപ്പിക്കാന് കര്ഷകര്ക്ക് നേരിട്ടു കൈമാറുകയോ അല്ലെങ്കില് സംഘം തലത്തില് പാലുൽപാദന വർധനവിന് സഹായകമാകുന്ന പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.