കോഴിക്കോട്: തുടർച്ചയായി തീയും പുകയും ഉയർന്ന് രോഗികളെ ഒഴിപ്പിച്ച മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിതവിഭാഗം അറ്റകുറ്റപ്പണി നടത്തുന്നതിൽ നിർമാണ കമ്പനിക്ക് അമാന്തം. എച്ച്.എൽ.എല്ലിന്റെ ഇൻഫ്രാസ്ട്രെക്ചർ വിഭാഗമായ ഹൈറ്റ്സാണ് കെട്ടിടം നിർമിച്ചത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാലേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ. അടച്ചിട്ടിട്ട് ഒന്നര മാസം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ ഒച്ചുവേഗത്തിലാണ് നീങ്ങുന്നത്. മഴ കാരണം പ്രവൃത്തി നടത്താൻ കഴിയുന്നില്ല എന്നാണത്രേ ഹൈറ്റ്സ് നൽകുന്ന വിശദീകരണം.
എല്ലാ ആഴ്ചയിലും ഇലക്ട്രിക്കൽ, പി.ഡബ്ല്യു.ഡി, ബയോമെഡിക്കൽ എന്നിവരിൽ റിപ്പോർട്ട് വാങ്ങി കലക്ടർ പ്രവർത്തന പുരോഗതി വിലയിരുത്തുന്നുണ്ടെങ്കിലും ആശുപത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടിയൊന്നും ആയിട്ടില്ല.
190 കോടി മുടക്കി നിർമിച്ച കെട്ടിടത്തിന്റെ പല ഭാഗത്തും ചോർച്ച അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാൻ പോലും നടപടിയായിട്ടില്ല. കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റി രണ്ടു വർഷം പൂർത്തിയാവുമ്പോഴാണ് തുടർച്ചയായി തീയും പുകയും ഉയർന്ന് രോഗികളെ ഒഴിപ്പിക്കേണ്ടിവന്നത്.
വയറിങ്ങിന്റെ അടക്കമുള്ള സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ച ശേഷമേ പ്രവർത്തനം പുനരാരംഭിക്കാനാവൂ. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഹൈറ്റ്സും സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച് മന്ത്രിയിൽനിന്ന് അംഗീകാരം ലഭിക്കണം.
അതേസമയം, തീപ്പിടിത്തമുണ്ടായ എം.ആർ.ഐ യു.പി.എസ് റൂമിന്റെ അറ്റകുറ്റപ്പണി ത്വരിതഗതിയിൽ നടക്കുണ്ട്. യു.പി.എസ് റൂം ചുമർ കെട്ടി വേർതിരിക്കൽ, റൂഫ് മാറ്റി സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആറ് ആഴ്ചക്കകം പണി പൂർത്തീകരിക്കാമെന്നാണ് ഫിലിപ്സ് കമ്പനി അറിയിച്ചത്.
അഞ്ച് എമർജൻസി തിയറ്ററുകൾ അടക്കം19 തിയേറ്ററുകളാണ് പി.എം.എസ്.വൈ കെട്ടിത്തിൽ സജ്ജമാക്കിയിട്ടുള്ളത്. മേയ് രണ്ടിനായിരുന്നു ആദ്യ തീപിടിത്തം. തുടർന്ന് രോഗികളെ തിരികെ പ്രവേശിപ്പിക്കുന്നതിനിടെ മേയ് ആറിന് വീണ്ടും ആറാംനിവലയിലെ ഓപറേഷൻ തിയറ്ററിൽ തീപിടിത്തമുണ്ടായി. 2021 ലാണ് നാല് നില കോവിഡ് ചികിത്സക്കായി വിട്ടുകൊടുത്തത്.
പിന്നീട് 2013ലാണ് കെട്ടിടം പണി പൂർത്തിയാക്കി മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറിയത്. കെട്ടിടം പല സ്ഥലങ്ങളിലും റൂഫിങ് അടർന്ന് വീടുന്നുണ്ട്. മുമ്പ് അത്യാഹിത വിഭാഗത്തിൽ ഇത്തരത്തിൽ സീലിങ് അടർന്ന് വീണിരുന്നു. അന്ന് തലനാരിഴക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പഴയ ബ്ലോക്കിൽ അത്യാഹിത വിഭാഗം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുമ്പോഴാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയിൽ മല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.