വേങ്ങേരി: വ്യാജരേഖ സമ്പാദിച്ച് സർക്കാർ ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയ രംഗത്ത്. വേങ്ങേരി വില്ലേജിൽ അവകാശികളില്ലാതെ കിടന്ന കോടികൾ വിലവരുന്ന മൂന്നേക്കറിലധികം ഭൂമി തട്ടിയെടുക്കാനാണ് കൃത്രിമ രേഖകൾ സംഘടിപ്പിച്ച് ഭൂമാഫിയ സംഘം രംഗത്തെത്തിയത്. ഒന്നിലേറെ പേർ രംഗത്തെത്തിയതോടെ ഇവർ തമ്മിൽ തർക്കത്തിലുമായി. കരിക്കാംകുളത്തിനും സിവിൽ സ്റ്റേഷനും ഇടയിൽ എക്സ്ക്ലൂസിവ് ക്ലബിനു സമീപത്തെ വയൽപ്രദേശത്തിന്റെ പട്ടയം കൃത്രിമമായി ഉണ്ടാക്കി നാലു പേർ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ജില്ല കലക്ടർക്ക് ലഭിച്ച പരാതി.
നിയമപ്രകാരമല്ലാതെ നൽകിയ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർകക്ഷി അപ്പലറ്റ് അതോറിറ്റിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതോറിറ്റി പട്ടയം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ഫയൽ പരിശോധിച്ചതിൽനിന്ന് പട്ടയം നൽകിയത് നിയമവിരുദ്ധമായെന്നാണ് കണ്ടെത്തിയത്. കേരള എസ്ചീറ്റ്സ് ആൻഡ് ഫോർഫീച്ചർ ആക്ട് അനുസരിച്ച് അവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അവകാശികൾ ഇല്ലാത്ത ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കാൻ കഴിയുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.
ഈ ഭൂമി സംബന്ധിച്ച് വിജിലൻസ് പരിശോധനയും നടത്തിയിരുന്നു. ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പട്ടയം നൽകിയതായും ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടും ഉന്നത സ്വാധീനംമൂലം നടപടികൾ ഒന്നുമായിട്ടില്ല. ഉദ്യോഗസ്ഥരെല്ലാം സർവിസിൽനിന്ന് വിരമിച്ചതുകൊണ്ടാണ് നടപടിയൊന്നും ഇല്ലാത്തതെന്നാണ് അനൗദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.