എസ്.ഐ.ആറിന്റെ ഭാഗമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം
കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആര്) ഭാഗമായി പോളിങ് ബൂത്തുകളുടെ പുനഃക്രമീകരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടര്‍മാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുകയും ആവശ്യമായ പുതിയ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ മുഴുവന്‍ വോട്ടര്‍മാരും ഒരേ ബൂത്തില്‍ ഉള്‍പ്പെടും. വീടിനടുത്തായി പോളിങ് ബൂത്ത് ലഭിക്കാനുള്ള ക്രമീകരണങ്ങളും നടത്തും.
വിതരണം ചെയ്ത എന്യൂമറേഷന് ഫോറങ്ങളില്‍ 75 ശതമാനവും തിരികെ വാങ്ങി ബി.എല്‍.ഒമാര്‍ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. തിരികെ ലഭിച്ച ഫോറങ്ങളുടെ ഡിജിറ്റലൈസേഷന് പൂര്‍ത്തിയായ ശേഷം മരിച്ചതോ മറ്റു ബൂത്തു പരിധികളില്‍ സ്ഥിരതാമസമാക്കിയതോ ഡ്യൂപ്ലിക്കേറ്റ് വോട്ട് ഉള്ളതോ ആയി കണ്ടെത്തിയ വോട്ടര്‍മാരുടെ പട്ടിക ബി.എല്‍.ഒമാര്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ യോഗത്തില്‍ അവതരിപ്പിക്കും.
എന്യൂമറേഷന് ഫോറം തിരികെ നല്കിയ എല്ലാ വോട്ടര്‍മാരും ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയിലുണ്ടാകും. കരട് വോട്ടര്‍ പട്ടികയിലുള്ള അവകാശ-ആക്ഷേപങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കാം. ഏതെങ്കിലും കാരണവശാല്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുമെന്നും ജനങ്ങളുടെ സമ്മതിദായകാവകാശം ഉറപ്പ് വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ഡോ. എസ്. മോഹനപ്രിയ, സബ് കലക്ടര്‍ എസ്. ഗൗതം രാജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ജില്ലയിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.