മടവൂർ: പഞ്ചായത്തിലെ ആരാമ്പ്രം ചക്കാലക്കൽ ചെമ്പറ്റ ചരുമല ഭാഗത്തെ ബൊട്ടാണിക്കൽ ഗാർഡൻ പരിസരത്ത് ഭൂമിക്കടിയിൽനിന്ന് വലിയ ശബ്ദത്തോടെയുള്ള മുഴക്കം കേട്ട സംഭവത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് അസി. ജിയോളജിസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് ഈ ഭാഗത്ത് ഉഗ്രശബ്ദത്തിലുള്ള മുഴക്കം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. പരാതിയെ തുടർന്ന് ശനിയാഴ്ച റവന്യൂ ഉദ്യോഗസ്ഥരും മടവൂർ പഞ്ചായത്ത് സെക്രട്ടറിയുമുൾപ്പെടെയുള്ളവർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് കൂടുതൽ പരിശോധനക്കായി ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഭൂമികുലുക്കംപോലുള്ള കാര്യങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നും പ്രദേശത്ത് നടന്ന നിർമാണ പ്രവർത്തനങ്ങൾ മൂലം ഭൂമിക്കടിയിലെ ഘടനയിൽ വ്യത്യാസം വന്നതുമൂലമുണ്ടായ സ്വാഭാവികമായ പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജിയോളജി വകുപ്പ് പറഞ്ഞത്. എന്നാൽ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ടെന്നും ചുമരുകൾക്ക് വിള്ളൽ ഉണ്ടായതായും പ്രദേശവാസികൾ പറഞ്ഞു. കൊട്ടക്കാവയൽ പാലോറ മലയുടെ ഒരു ഭാഗത്ത് കഴിഞ്ഞ വർഷകാലത്ത് സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.